| Tuesday, 11th May 2021, 10:26 pm

ഹാനി ബാബുവിന്റെ ആരോഗ്യം ഗുരുതരാവസ്ഥയില്‍; ചികിത്സ എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിച്ച് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീമ കൊരെഗാവ് കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച ദല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഹാനി ബാബുവിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന് കുടുംബം.

ഹാനി ബാബുവിന്റെ തലയില്‍ അണുബാധ ഉണ്ടായെന്നും ഇത് കവിള്‍, ചെവി, നെറ്റി എന്നിവിടങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചതായും കുടുംബം പുറത്തിറക്കിയ സംയുക്ത വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന, സഹോദരങ്ങളായ ഹരീഷ് എം.ടി, എം.ടി അന്‍സാരി എന്നിവരാണ് വാര്‍ത്താകുറിപ്പ് പുറത്തുവിട്ടത്.

അണുബാധ തലച്ചോറിലേക്ക് പടര്‍ന്നാല്‍ സ്ഥിതി അതീവഗുരുതരമാകുമെന്നും ജീവന്‍ തന്നെ അപകടത്തിലാവുമെന്നും കുടുംബം ചൂണ്ടിക്കാട്ടി. നിലവില്‍ ഹാനി ബാബുവിന്റെ ഇടത് കണ്ണിന് കാഴ്ച്ച കുറവോ കാഴ്ച്ച ശക്തി തന്നെ നഷ്ടപ്പെടാനോ സാധ്യതയുള്ള അവസ്ഥയാണ്. കടുത്ത വേദന മൂലം ഉറങ്ങാനോ ദൈനംദിന ജോലികള്‍ ചെയ്യാനോ കഴിയാത്ത അവസ്ഥയിലാണ് ഹാനി ബാബുവെന്നും കുടുംബം പറഞ്ഞു.

ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം ഇന്‍ഫെക്ഷന്‍ ഉള്ള കണ്ണ് സമയാസമയം വൃത്തിയാക്കാന്‍ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ല. ജയിലിലെ പരിമിതികള്‍ മൂലം വൃത്തിയില്ലാത്ത തുണി കൊണ്ടാണ് അദ്ദേഹത്തിന് കണ്ണ് മൂടി കെട്ടേണ്ടി വരുന്നത്.

ഹാനി ബാബുവിന് 2021 മെയ് 3 ന് ഇടത് കണ്ണില്‍ വേദനയും വീക്കവും അനുഭവപ്പെട്ടു തുടങ്ങി, ഡബിള്‍ വിഷനിലേക്കും സഹിക്കാന്‍ കഴിയാത്ത വേദനയിലേക്കും മാറുകയുണ്ടായി. കണ്ണിന്റെ അണുബാധയെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ജയിലിലില്ലെന്ന് ജയില്‍ മെഡിക്കല്‍ ഓഫീസര്‍ ഹാനി ബാബുവിനെ അറിയിച്ചിരുന്നതിനാല്‍, ഒരു പ്രത്യേക ഡോക്ടറുമായി കൂടിയാലോചിക്കാനും ചികിത്സിക്കാനും ഹാനി ബാബു അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ എസ്‌കോര്‍ട്ട് ഓഫീസര്‍ ലഭ്യമല്ലാത്തതിനാല്‍ അദ്ദേഹത്തെ കണ്‍സള്‍ട്ടേഷനായി കൊണ്ടുപോയില്ല. മെയ് 6 ന് ജയിലിലേക്ക് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഇമെയില്‍ അയച്ചതിനു ശേഷമാണ് അദ്ദേഹത്തെ മെയ് 7 ന് വാഷിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും കുടുംബം പറയുന്നു.

വാഷി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍, ഹാനി ബാബുവിനെ ഒരു നേത്രരോഗവിദഗ്ദ്ധന്‍ പരിശോധിക്കുകയും ചില മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും രണ്ട് ദിവസത്തിനുള്ളില്‍ ഫോളോ-അപ്പ് ചികിത്സയ്ക്കായി ചെല്ലാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കെ, രണ്ട് ദിവസത്തിന് ശേഷവും അദ്ദേഹത്തെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയില്ല, എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥരുടെ അഭാവം മൂലമാണ് വീണ്ടും ആശുപത്രിയിലെത്തിച്ചില്ലെന്ന് ജയില്‍ സൂപ്രണ്ട് അവകാശപ്പെടുന്നത്.

മെയ് 10 ന്, ഹാനി ബാബുവിന്റെ അഭിഭാഷക പയോഷി റോയ്, ജയിലിലേക്ക് 8 കോളുകള്‍ വിളിച്ച് സൂപ്രണ്ടുമായി സംസാരിച്ചു. രാത്രി എട്ടരയോടെ, ഹാനി ബാബുവിന്റെ അവസ്ഥയെക്കുറിച്ച് തനിക്ക് അറിയാമെന്നും അടുത്ത ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയാണെന്നും ജയിലര്‍ അഭിഭാഷകയെ അറിയിച്ചു. ഫോളോ-അപ്പ് ആയി, ഹാനി ബാബുവിന്റെ അഭിഭാഷക സൂപ്രണ്ടിന് മറ്റൊരു ഇമെയിലും അയച്ചു.

ഒരു ദിവസത്തെ കാലതാമസം പോലും ഗുരുതരമായ അവസ്ഥയിലേക്ക് ഹാനി ബാബുവിനെ നയിച്ചേക്കാമെന്ന് അഭിഭാഷക ജയിലറെ ബോധ്യപ്പെടുത്തിയിരുന്നു. കാലതാമസം ഭാഗികമായോ പൂര്‍ണ്ണമായോ കാഴ്ച നഷ്ടപ്പെടുന്നതിനും തലച്ചോറിനെ ബാധിക്കുകയാണെങ്കില്‍ ജീവന്‍ അപകടപ്പെടുത്തുന്ന സങ്കീര്‍ണതയ്ക്കും ഇടയാക്കും. എന്നാല്‍ മെയ് 11 ന് പോലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം വിഷമമേറിയ ഒരു മാനസികാവസ്ഥയിലൂടെ ആണ് ഞങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചികിത്സ പോലെ വളരെ പ്രാഥമികമായ ഒരു അവകാശത്തിന് വേണ്ടി ഹാനി ബാബുവിന് യാചിക്കേണ്ടി വരുന്നത് ആലോചിക്കാവുന്നതിലും അപ്പുറമാണ്.

ശ്രീമതി റോയി ആവര്‍ത്തിച്ച് വിളിച്ചിട്ടും ഇന്നും തങ്ങള്‍ക്ക് ജയിലില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ല. ഗുരുതരമായ അസുഖമുണ്ടായാല്‍ ശരിയായ വൈദ്യസഹായ നല്‍കണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും എല്ലാത്തിനുമുപരി, തങ്ങള്‍ ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം അനുവദിച്ചതും ഉറപ്പുനല്‍കുന്നതുമായ അവകാശങ്ങള്‍ മാത്രമാണെന്നും കുടുംബം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Hani Babu in critical condition; The family requested that treatment be made available as soon as possible

We use cookies to give you the best possible experience. Learn more