ന്യൂദല്‍ഹി: യാക്കൂബ് മേമനെയും അഫ്‌സല്‍ ഗുരുവിനെയും തൂക്കിലേറ്റിയ നടപടികള്‍ രാഷ്ട്രീയ പ്രേരിതമായിരുന്നെന്ന് കഴിഞ്ഞ ദിവസം വിരമിച്ച നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.പി ഷാ. ദേശീയ മാധ്യമമായ സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്.
യാക്കൂബ് മേമന്റെ ദയാഹര്‍ജി അംഗീകരിക്കുന്നതിനുള്ള സാഹചര്യങ്ങളുണ്ടായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ വളരെക്കാലം ജയിലില്‍ കിടന്നിട്ടുണ്ടെങ്കില്‍ അയാളെ തൂക്കുമരത്തിലേക്ക് അയക്കേണ്ടതില്ലെന്ന തരത്തിലുള്ള വിധികള്‍ സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ദയാഹര്‍ജി തള്ളിക്കഴിഞ്ഞാല്‍ ശിക്ഷ നടപ്പിലാക്കാന്‍ 14 ദിവസം കഴിയണമെന്നാണ്. മേമന്റെ വിഷയത്തില്‍ നടപടിക്രമങ്ങളൊന്നും പാലിച്ചിരുന്നില്ല. ഷാ പറഞ്ഞു.
വധശിക്ഷ അന്തിമവും തിരിച്ചെടുക്കാന്‍ സാധിക്കാത്തതവുമായതിനാല്‍ വധശിക്ഷ വിധിക്കുന്നതിലെ തെറ്റുകള്‍ തിരുത്താന്‍ കഴിയില്ല. അഫ്‌സല്‍ ഗുരുവിനെ ഭരണകൂടമാണ് തൂക്കുമരത്തിന് വിട്ടു കൊടുത്തത്. അദ്ദേഹത്തിന്റെ ദയാഹര്‍ജി ഏറെക്കാലം പരിഗണിക്കാതെ വെച്ചിരിക്കുകയായിരുന്നു. ഇരു കേസുകളിലും പെട്ടെന്ന് തീരുമാനമെടുത്തതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണ്. വശശിക്ഷ ഭീകരവാദത്തെ തടുക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.
നമ്മുടെ നാട്ടില്‍ ഏകപക്ഷീമായ വധശിക്ഷകള്‍ തടുക്കുന്നതിലുള്ള സംവിധാനമില്ലെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.
മുന്‍ ദല്‍ഹി കോടതി ജഡ്ജി കൂടിയായിരുന്ന ജസ്റ്റിസ് ഷാ വധശിക്ഷ ഭീകരവാദ കേസുകളില്‍ മാത്രം പരിമിതപ്പെടുത്തണമെന്ന കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച ശേഷമാണ് വിരമിച്ചിരുന്നത്.