| Wednesday, 18th March 2020, 11:43 pm

അവരെ തൂക്കിലേറ്റിയാല്‍ നിര്‍ഭയയുടെ രക്ഷിതാക്കള്‍ക്ക് നീതി കിട്ടില്ല; നിര്‍ഭയ പ്രതികളുടെ വധശിക്ഷയ്ക്കെതിരെ മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള തൂക്കിലേറ്റിയത് കൊണ്ട് നീതി നടപ്പാവില്ലെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ്. നിര്‍ഭയക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് കുര്യന്‍ ജോസഫിന്റെ പ്രസ്താവന.

” ഇവരെ തൂക്കിലേറ്റുന്നത് കൊണ്ട് മാത്രം ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാകുമോ? ബച്ചന്‍ സിങിന്റെ കേസില്‍ സുപ്രീംകോടതി പറഞ്ഞത് വധശിക്ഷ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റത്തിന് മാത്രം നല്‍കിയാല്‍ മതി എന്നാണ്. അതും വേറൊരുമാര്‍ഗവുമില്ലെങ്കില്‍ എന്നാണ്,” അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.

”നീതി എന്നു പറയുന്നത് ജീവന് പകരം ജീവനെടുക്കയല്ല, സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ് ഒരു മനുഷ്യന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥ” അദ്ദേഹം പറഞ്ഞു

കുറ്റവാളികളെ ജീവതകാലം മുഴുവന്‍ ജയിലടച്ചാല്‍ അവര്‍ ചെയ്ത കുറ്റത്തിനാണ് അവര്‍ അനുഭവിക്കുന്നതെന്ന് ആളുകള്‍ പറയും എന്നാല്‍ ഇവരെ തൂക്കിലേറ്റുകയാണെങ്കില്‍ അവര്‍ ചെയ്ത കുറ്റവും അതോടെ മറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ നാല് കുറ്റവാളികളേയും തൂക്കിലേറ്റിയാല്‍ നിര്‍ഭയയുടെ രക്ഷിതാക്കള്‍ക്ക് നീതികിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് നിര്‍ഭയയുടെ രക്ഷിതാക്കളോട് തീര്‍ച്ചയായും അനുകമ്പയുണ്ട്. എനിക്ക് ദു:ഖമുണ്ട്,” അദ്ദേഹം പറഞ്ഞു.

കണ്ണിന് പകരം കണ്ണെന്ന രീതി ലോകത്തെ ഇരുട്ടിലാക്കുക മാത്രമേ ചെയ്യൂ എന്നാണ് ഗാന്ധിജി പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് കുറ്റകൃത്യങ്ങളില്‍ നീതി നടപ്പാക്കുമ്പോള്‍ പ്രതികാരം എന്നൊന്നില്ലെന്നും കുര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.

”ദയാഹരജി പരിഗണിക്കുമ്പോള്‍ കോടതി ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ല എങ്കിലും സര്‍ക്കാറിനും പ്രസിഡന്റിനും ഇക്കാര്യങ്ങള്‍ പരിഗണിക്കേണ്ട കടമയുണ്ടായിരുന്നു എന്നാണ എന്റെ അഭിപ്രായം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more