അമൃത്സര്‍: ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. മതനിന്ദാ കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റണമെന്നാണ് സിദ്ദു പറഞ്ഞത്.
രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം.
ഇതിന് പിന്നാലെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന.
‘സിഖ് സമുദായത്തിനെതിരെയുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്ന മതനിന്ദയുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങള്‍. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതമൗലികവാദ ശക്തികളാണ് ഇതിന് പിന്നില്‍,’ സിദ്ദു പറഞ്ഞു.
ഏത് മതഗ്രന്ഥങ്ങള്‍ അപമാനിക്കപ്പെട്ടാലും, അത് ഖുര്‍ആനോ ഭഗവദ് ഗീതയോ ഗുരു ഗ്രന്ഥ സാഹിബോ ആയിക്കൊള്ളട്ടെ, അത്തരക്കാരെ പരസ്യമായി തൂക്കിലേറ്റണമെന്ന് സിദ്ദു പറഞ്ഞു.
മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങള്‍ അബദ്ധത്തില്‍ സംഭവിക്കുന്നതല്ലെന്നും സമൂഹത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് അമൃത്സറിലെ സുവര്‍ണ ക്ഷേത്ര പരിസരത്ത് ആയിരുന്നു ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതകമുണ്ടായത്. രണ്ടാമത്തേത് ഞായറാഴ്ച കപുര്‍ത്തല ജില്ലയിലെ നിസാംപുരിലെ ഒരു ഗുരുദ്വാരയിലായിരുന്നു.