| Monday, 11th January 2021, 2:39 pm

'വഞ്ചകന്‍ മൈക്ക് പെന്‍സിനെ തൂക്കിക്കൊല്ലുക'; ക്യാപിറ്റോള്‍ കലാപകാരികളുടെ മുദ്രാവാക്യം നീക്കം ചെയ്ത് ട്വിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ തൂക്കി കൊല്ലണമെന്ന ഹാഷ്ടാഗ് നീക്കം ചെയ്ത് ട്വിറ്റര്‍. ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെയാണ് ട്വിറ്ററില്‍ മൈക്ക് പെന്‍സിനെ തൂക്കിക്കൊല്ലണമെന്ന വാദവുമായി നിരവധി പേര്‍ എത്തിയത്. തുടര്‍ന്നാണ് നീക്കംചെയ്യല്‍ നടപടിയിലേക്ക് ട്വിറ്റര്‍ കടന്നത്.

ട്വിറ്റര്‍ ട്രെന്‍ഡിംഗുകള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതാകണമെന്നാണ് തങ്ങളുടെ പോൡിയെന്നും ഇതിനു വിരുദ്ധമായവ നിരോധിക്കുമെന്നുമാണ് ഹാഷ്ടാഗ് നീക്കം ചെയ്തുകൊണ്ട് ട്വിറ്റര്‍ അറിയിച്ചത്. ട്രെന്‍ഡിംഗിന് ചില നിയമങ്ങളുണ്ടെന്നും അവ ലംഘിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ട്വിറ്റര്‍ കൂട്ടിച്ചേര്‍ത്തു.

മൈക്ക് പെന്‍സിനെ തൂക്കിക്കൊല്ലണമെന്ന മുദ്രാവാക്യം ക്യാപിറ്റോള്‍ ആക്രമണകാരികളും ഉയര്‍ത്തിയിരുന്നു. റോയിറ്റേഴ്‌സ് എഡിറ്ററായ ജിം ബോര്‍ഗ് ഇക്കാര്യത്തെ കുറിച്ച് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ക്യാപിറ്റോള്‍ മന്ദിരത്തിന് മുന്നിലെ മരത്തില്‍ വഞ്ചകനായ മൈക്ക് പെന്‍സിനെ തൂക്കിക്കൊല്ലണമെന്ന് അക്രമകാരികള്‍ പറയുന്നുണ്ടായിരുന്നു. പ്രതിഷേധത്തിലുടനീളം ഇക്കാര്യം പലരും പറഞ്ഞിരുന്നു. നിരവധി പേര്‍ വൈസ് പ്രസിഡന്റിനെ വധിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നത് താന്‍ കേട്ടുവെന്ന് ജിം ബോര്‍ഗ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നുവെന്നും അതിനാല്‍ അംഗീകരിക്കില്ലെന്നും നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്ന ഡൊണാള്‍ഡ് ട്രംപ്, ഫലം റദ്ദാക്കാന്‍ വൈസ് പ്രസിഡന്റിന് അധികാരമുണ്ടെന്ന് പല തവണ ട്വീറ്റ് ചെയ്തിരുന്നു. ഇലക്ട്രല്‍ വോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തി പുതിയ പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള കോണ്‍ഗ്രസ്-സെനറ്റ് സംയുക്ത യോഗത്തിനിടെയായിരുന്നു ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ ആക്രമിച്ചത്. വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഈ സംയുക്ത സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് മൈക്ക് പെന്‍സായിരുന്നു.

ട്രംപിന്റെ ആവശ്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാതിരുന്നതും ജോ ബൈഡനെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ച സമ്മേളനത്തിന് അധ്യക്ഷത വഹിച്ചതുമാണ് ട്രംപ് അനുകൂലികളെ ചൊടിപ്പിച്ചത്.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വലിയ ആക്രമണം നടന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hang Mike Pence, Twitter stops trending after Capitol riot

We use cookies to give you the best possible experience. Learn more