| Saturday, 20th August 2016, 12:02 pm

ഞാന്‍ അപരാധിയാണെങ്കില്‍ എന്നെ തൂക്കിക്കൊല്ലൂ: നര്‍സിങ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുസ്തിയില്‍ മത്സരിക്കേണ്ട ദിവസം ഒളിമ്പിക് ഗെയിംസ് വില്ലേജ് വിടണമെന്ന നിര്‍ദേശമാണ് നര്‍സിങ് യാദവിനു ലഭിച്ചത്. താന്‍ തകര്‍ന്നു പോയെന്നാണ് ഇതിനെക്കുറിച്ച് നര്‍സിങ് പറയുന്നത്.

” കഴിഞ്ഞ 24 മണിക്കൂര്‍ ഞാന്‍ കട്ടിലില്‍ തന്നെയായിരുന്നു. ഒന്നും ചെയ്യാനുള്ള ഊര്‍ജമില്ല. എന്റെ മനസ് ശൂന്യമാണ്.” അദ്ദേഹം പറഞ്ഞു.

മത്സരം നടക്കുന്നതിനു മണിക്കൂറുകള്‍ മുമ്പാണ് നര്‍സിങ്ങിനെ നാലുവര്‍ഷം വിലക്കികൊണ്ടുള്ള കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സപ്പോര്‍ട്ടിന്റെ വിധി വരുന്നത്. ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തിയാവാം എന്ന നര്‍സിങ്ങിന്റെ വാദം കോടതി അംഗീകരിച്ചില്ല.

“ഞാന്‍ അപരാധിയാണെങ്കില്‍ നിങ്ങളുടെ ഇഷ്ടംപോലെ എന്നെ തൂക്കിക്കോളൂ. ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ ഡ്രഗ് ഉപയോഗിച്ചിട്ടില്ല എന്നതാണ് വാസ്തവം.” അദ്ദേഹം പറയുന്നു.

“ഞാന്‍ എന്റെ വെയ്റ്റ് കാറ്റഗറിയിലുള്ള മത്സരം കണ്ടു. എന്നെ കളിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ എളുപ്പത്തില്‍ മെഡല്‍ നേടാന്‍ കഴിയുമായിരുന്നു. ഇന്ന് നര്‍സിങ്ങിനല്ല മെഡല്‍ നഷ്ടപ്പെട്ടത്. ഇന്ത്യക്കാണ്.” അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ പോലീസുകാര്‍ അവരുടെ ജോലി നന്നായി ചെയ്യുന്നില്ല. ചെയ്തിരുന്നെങ്കില്‍ തന്നെ കുടുക്കിയവരെ പിടിക്കാന്‍ കഴിയുമായിരുന്നു. ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more