| Friday, 31st July 2020, 8:15 pm

ആരോപണം തെറ്റാണെങ്കില്‍ എന്നെ തൂക്കിക്കൊന്നോളൂ; കൊവിഡ് അഴിമതി ആരോപിച്ചത് കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലെന്ന് ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കൊവിഡിന്റെ മറവില്‍ കര്‍ണാടക സര്‍ക്കാര്‍ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ചത് കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തനിക്കും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കുമെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു ഡി.കെയുടെ പ്രതികരണം.

സംഭവത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘ആരോപണം തെറ്റാണെങ്കില്‍ അവര്‍ക്ക് കേസെടുക്കാം, എന്നെ തൂക്കിക്കൊല്ലാം’, ശിവകുമാര്‍ പറഞ്ഞു.

കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയതിന്റെ മറവില്‍ 2000 കോടി രൂപയ്ക്ക് മുകളില്‍ അഴിമതി നടന്നുവെന്നും ഇതില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നുമാണ് സിദ്ധരാമയ്യയും ശിവകുമാറും ആവശ്യപ്പെട്ടത്.

കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍, പി.പി.ഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍, ഗ്ലൗസുകള്‍ എന്നിവയും മറ്റ് ഉപകരണങ്ങളും വാങ്ങിയതില്‍ രണ്ടായിരം കോടിയിലധികം രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.

ചികിത്സാ ഉപകരണങ്ങളുടെ വില കൂട്ടിക്കാണിച്ച് പണം തട്ടിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. കൂടിയ വിലക്കാണ് സാധനങ്ങള്‍ വാങ്ങിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കോണ്‍ഗ്രസ് പുറത്തുവിട്ടു.

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നാണ് ബി.ജെ.പി വാദം. ആരോപണങ്ങള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ഇതേതുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി രവി കുമാര്‍ എന്‍. പരാതി നല്‍കുകയും ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more