ന്യൂദല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനെത്തിയതിന്റെ പേരില്‍ ഞായറാഴ്ച ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ദല്‍ഹിയിലേക്ക് തിരിച്ചയച്ചു.
ഇന്ന് രാവിലെയാണ് ചന്ദ്രശേഖര്‍ ആസാദിനെ ദല്‍ഹിയില്‍ എത്തിച്ചത്. രാവിലെ 6.55 ന് ഹൈദരാബാദ്-ദല്‍ഹി വിമാനത്തിലായിരുന്നു അദ്ദേഹത്തെ എത്തിച്ചത്.
ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ നിന്നായിരുന്നു ഞായറാഴ്ച ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന റാലിയില്‍ പങ്കെടുക്കാതിരിക്കുന്നതിന് വേണ്ടിയായായിരുന്നു പൊലീസ് നടപടി.
പ്രക്ഷോഭത്തിന് അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ തനിക്കെതിരായ ഹൈദരാബാദ് പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ചന്ദ്രശേഖര്‍ ആസാദ് നടത്തിയത്.
തനിക്ക് നേരിടേണ്ടി വന്ന ഈ അപമാനം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്നും തന്നെ ബലമായി എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുവന്ന് ദല്‍ഹിയിലേക്ക് തിരിച്ചയക്കുകയായിരുന്നെന്ന് ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ പറഞ്ഞു.
”തെലങ്കാനയില്‍, സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ് ഇപ്പോള്‍ ഉള്ളത്. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം അപഹരിക്കപ്പെടുകയാണ്.
ആദ്യം എന്റെ ജനങ്ങളെ ലാത്തികൊണ്ട് നേരിട്ടു. പിന്നെ എന്നെ അറസ്റ്റ് ചെയ്തു, ഇപ്പോള്‍ എന്നെ വിമാനത്താവളത്തിലേക്ക് ബലമായി കൊണ്ടുവന്ന് ദല്‍ഹിയിലേക്ക് തിരിച്ചയക്കുകയാണ്.
തെലങ്കാന മുഖ്യമന്ത്രി ഒരു കാര്യം ഓര്‍ക്കണം. ഈ അപമാനം ഞങ്ങള്‍ മറക്കില്ല. ഉടന്‍ തന്നെ മടങ്ങിയെത്തിയിരിക്കും”, ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ കുറിച്ചു.