യോഗിക്കെതിരെ ഗൊരഖ്പൂരില്‍ നിന്ന് തന്നെ മത്സരിക്കും: ചന്ദ്രശേഖര്‍ ആസാദ്
national news
യോഗിക്കെതിരെ ഗൊരഖ്പൂരില്‍ നിന്ന് തന്നെ മത്സരിക്കും: ചന്ദ്രശേഖര്‍ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th January 2022, 2:47 pm

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.

യോഗി മത്സരിക്കുന്ന ഗൊരഖ്പൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനം വ്യാഴാഴ്ചയാണ് ആസാദ് പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് ആസാദിനെ പിന്തുണക്കാനാണ് സാധ്യത. പ്രതിപക്ഷ കക്ഷികളായ എസ്.പിയും ബി.എസ്.പിയും യോഗിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമോ അതോ ചന്ദ്രശേഖര്‍ ആസാദിനെ പിന്തുണക്കുമോ എന്നതും മത്സരത്തിന്റെ ഗതി നിര്‍ണയിക്കും.

34കാരനായ ആസാദ് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ നിന്ന് മത്സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദളിത് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പന്നീട് അദ്ദേഹം പിന്മാറുകയായിരുന്നു.

യോഗി ആദിത്യനാഥ് ആദ്യമായാണ് ഗൊരഖ്പൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഗൊരഖ്പൂരില്‍ നിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവസാന ഘട്ട സൂചനകള്‍ പ്രകാരം ഗൊരഖ്പൂരില്‍ നിന്ന് തന്നെ യോഗി മത്സരിക്കും. തുടര്‍ച്ചയായി യോഗി ലോക്‌സഭയിലെത്തിയത് ഗൊരഖ്പൂരില്‍ നിന്നാണ്.

അതേസമയം, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യത ചന്ദ്രശേഖര്‍ ആസാദ് തള്ളിയിരുന്നു.

ചന്ദ്രശേഖര്‍ ആസാദിന്റെ സമാജ്പാര്‍ട്ടിയും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള സഖ്യം തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായതിന് പിന്നാലെയാണ് അത്തരമൊരു സഖ്യമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

‘ഞാന്‍ ഇതിന്റെ ഉത്തരവാദിത്തം അഖിലേഷിന് നല്‍കും. രണ്ടു ദിവസം ഞാന്‍ അദ്ദേഹത്തിനായി കാത്തിരുന്നു. എന്നാല്‍ എന്നെ തിരിച്ചു വിളിക്കാതെ അദ്ദേഹം അപമാനിച്ചു,’ എന്നായിരുന്നു സംഖ്യ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ആസാദിന്റെ പ്രതികരണം.

ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.