നിലമ്പൂര്‍: പോത്തുകല്ലില്‍ വികലാംഗനായ യുവാവിനെ തണ്ടര്‍ബോള്‍ട്ട് സേന മര്‍ദിച്ചതായി പരാതി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് പോത്തുകല്ല് സ്വദേശി കളരിക്കല്‍ തോമസ് കുട്ടി എന്നയാളെ മര്‍ദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി തന്റെ മുചക്ര സ്‌കൂട്ടറില്‍ വീടിന് സമീപം ഇരിക്കുമ്പോഴായിരുന്നു തോമസിന് മര്‍ദനമേറ്റത്. പരിക്കേറ്റ തോമസിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രിസ്മസ് കരോളിന് പങ്കെടുക്കാന്‍ പോയ മകനെ കാത്തിരിക്കുകയായിരുന്നു എന്നും നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാര്‍ ടോര്‍ച്ചെടുത്ത് തലക്കടിക്കുകയും ലാത്തി കൊണ്ട് പുറത്തടിക്കുകയും ചെയ്‌തെന്നാണ് തോമസ് പറയുന്നത്.
വികലാംഗനാണെന്ന് പറഞ്ഞിട്ട് പോലും പൊലീസുകാര്‍ ഒരു ദയയും കാണിച്ചില്ലെന്നും തോമസ് വീഡിയോയില്‍ പറയുന്നു.
”ക്രിസ്മസിന്റെ കരോളുകാര്‍ വരുന്നത് കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. കരോളില്‍ പങ്കെടുക്കാന്‍ മകന്‍ പോയിരുന്നു. അവനെ കാത്ത് നില്‍ക്കുകയായിരുന്നു.
അപ്പോള്‍ നൈറ്റ് പട്രോളിങ്ങിന് പോവുന്ന അവരുടെ വണ്ടി അവിടെ നിര്‍ത്തി. എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചു. മോനെ കാത്തുനില്‍ക്കാണ് എന്ന് പറഞ്ഞു.
നിനക്കെന്താ ഇവിടെ പരിപാടി എന്ന് ചോദിച്ചു. ഒന്നൂല്ല സാറേ എന്ന് പറഞ്ഞപ്പോള്‍, ‘എന്നാ വാ വണ്ടിയില്‍ കേറ്, ബാക്കി സ്‌റ്റേഷനില്‍ ചെന്നിട്ട് പറയാം’ എന്ന് പറഞ്ഞു.
അതിലൊരാള് ടോര്‍ച്ചെടുത്ത് എന്റെ തലക്കടിച്ചു. ടോര്‍ച്ച് നിലത്തുവീണപ്പൊ ലാത്തി എടുത്തുകൊണ്ട് വന്ന് പുറത്തടിച്ചു. നിലത്ത് കിടന്നിരുന്ന എന്റെ നാഭിക്ക് ചവിട്ടി. പിന്നെ എനിക്ക് തീരെ എണീക്കാന്‍ പറ്റിയില്ല,” തോമസ് പറഞ്ഞു.
പിന്നീട് മകനെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തിയ ശേഷമാണ് താന്‍ വീട്ടിലേക്ക് പോയതെന്നും അതിന് ശേഷമാണ് പൊലീസുകാര്‍ സ്ഥലത്തുനിന്ന് പോയതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
ഞാന്‍ പറഞ്ഞത് അവര്‍ക്കെന്തോ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് അടി തുടങ്ങിയത്. വികലാംഗനാണെന്ന് പറഞ്ഞിട്ട് പോലും അവര്‍ ഒരു ദയയും കാണിച്ചിട്ടില്ല. വണ്ടിയൊക്കെ വലിച്ച് നിലത്തിടുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തോമസ് കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് പോത്തുകല്ല് സ്റ്റേഷനിലെ പൊലിസുകാരുടെ വിശദീകരണം. രാത്രിയില്‍ റോഡരികില്‍ കണ്ടപ്പോള്‍ പട്രോളിങ് ഡ്യൂട്ടിയിലുള്ളവര്‍ വിവരം തിരക്കിയതായിരുന്നെന്നും എന്നാല്‍ മദ്യലഹരിയിലായിരുന്ന തോമസ് അസഭ്യം പറഞ്ഞെന്നുമാണ് പൊലിസ് പ്രതികരിച്ചത്.
12 വര്‍ഷം മുമ്പ് വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതമേറ്റാണ് തോമസ് കുട്ടിക്ക് അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Handicapped man was attacked by Thunderbolt police in Nilambur