ഛണ്ഡീഗഢ്:പശ്ചാത്യ ഉപചാരമാതൃകയായ ഹസ്തദാനമാണ് പന്നിപ്പനിയടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. രോഗങ്ങളില്‍ നിന്നും അകന്ന് ആരോഗ്യത്തോടെ നില നില്‍ക്കണമെങ്കില്‍ ഇന്ത്യന്‍ മാതൃകയായ “നമസ്‌തെ” പറയണമെന്നും അല്ലാത്ത പക്ഷം മറ്റുള്ളവരുടെ അഴുക്ക് പുരണ്ട കൈകള്‍ വഴി നിങ്ങള്‍ ദിവസം മുഴുവന്‍ രോഗം പരത്തുന്നവരാകുമെന്നും അനില്‍ വിജ് മുന്നറിയിപ്പ് നല്‍കി.
ശാരീരിക സ്പര്‍ശനം ഒഴിവാക്കണമെന്ന് ഊന്നിപ്പറഞ്ഞ മന്ത്രി “സത് ശ്രീ അകല്‍”, “അല്ലാഹു അക്ബര്‍”, “ഗോഡ് ഈസ് ഗ്രേറ്റ്” എന്നിങ്ങനെ കൈകള്‍ കൂപ്പി ഉപചാരം പറയണമെന്നും ഓര്‍മിപ്പിച്ചു. മന്ത്രിയുടെ പരാമര്‍ശം ഹരിയാന നിയമസഭാ അംഗങ്ങള്‍ക്കിടയില്‍ ചിരിയുണര്‍ത്തി.
പന്നിപ്പനിക്ക് കാരണം കൊതുക് കടിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞതും ഇത് പോലെ തമാശ സൃഷ്ടിച്ചിരുന്നു. അതേ ദിവസം തന്നെ മുംബൈ മേയറായ സ്‌നേഹല്‍ അംബേദ്കര്‍ പറഞ്ഞിരുന്നത് പന്നിപ്പനിയൊരു ഹൃദ്‌രോഗമാണെന്നും ഇതിനായി മരങ്ങള്‍ നടണമെന്നുമായിരുന്നു.