വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.എസിലുടനീളം പ്രതിഷേധം. 50 സംസ്ഥാനങ്ങളിലായി 1200ലധികം പ്രതിഷേധക്കാരാണ് ട്രംപ് വിരുദ്ധ റാലിയില്‍ പങ്കെടുത്തത്. അമേരിക്കയുടെ നയങ്ങളിലെ ട്രംപിന്റെ അമിത കൈകടത്തലുകള്‍ ഒഴിവാക്കൂ എന്ന് സൂചിപ്പിക്കുന്ന ‘ഹാന്‍ഡ്‌സ്സ് ഓഫ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
ഫെഡറല്‍ ഏജന്‍സികളിലെ പിരിച്ചുവിടല്‍, നാടുകടത്തല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിരോധം എന്നീ ട്രംപിന്റെ നയങ്ങളാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. മനുഷ്യാവകാശ സംഘടനകള്‍, എല്‍.ജി.ബി.ടി.ക്യു+ ആക്ടിവിസ്റ്റുകള്‍, തൊഴിലാളി യൂണിയനുകള്‍, അഭിഭാഷകര്‍ എന്നിവരാണ് പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും.
ട്രംപിന് പുറമെ അദ്ദേഹത്തിന്റെ ഉപദേശകനും യു.എസ് ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിനെതിരേയും പ്രതിഷേധമുണ്ട്. അമേരിക്കന്‍ ജനതയെക്കാള്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കാണ് മസ്‌ക് മുന്‍ഗണന നല്‍കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും ചേര്‍ന്ന് തങ്ങള്‍ക്ക് ചെയ്യാന്‍ അനുവാദമില്ലാത്ത കാര്യങ്ങളാണ് നടപ്പിലാക്കുന്നതെന്നും അവര്‍ അതിലൂടെ ലോകത്തെ വെല്ലുവിളിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിലെ ഫണ്ടുകള്‍ വെട്ടിക്കുറച്ചതും, പരിസ്ഥിതി പ്രശ്‌നങ്ങളിലെ നിസഹരണവുമെല്ലാം പ്രതിഷേധക്കാരുടെ മുഖ്യ പ്രചാരണ വിഷയങ്ങളാണ്.
വാഷിങ്ടണ്‍ ഡി.സിയുടെ നാഷണല്‍ മാള്‍ മുതല്‍ മാന്‍ഹട്ടണിലേയും ബോസ്റ്റണിലേയും നഗരമധ്യങ്ങള്‍ വരെയും പ്രതിഷേധക്കാര്‍ ട്രംപിനെതിരെ അണി നിരന്നു. സിയാറ്റിലില്‍, പ്രഭുക്കന്മാരോട് പോരാടുക, എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാരുടെ പോരാട്ടം.
നാഷണല്‍ മാളില്‍ നടന്ന റാലിയില്‍ സംസാരിക്കവെ, എല്‍.ജി.ബി.ടി.ക്യു+ സമൂഹത്തിനെതിരായ ട്രംപ് ഭരണകൂടത്തിന്റെ പെരുമാറ്റത്തെ ഹ്യൂമന്‍ റൈറ്റ്‌സ് ക്യാമ്പയ്ന്‍ പ്രസിഡന്റ് കെല്ലി റോബിന്‍സണ്‍ അപലപിച്ചു. ട്രംപിന്റെ ആക്രമണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമല്ലെന്നും വ്യക്തികളേയും കുടുംബങ്ങളെയും സമൂഹങ്ങളെയും ലക്ഷ്യം വച്ചുള്ളതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം പ്രതിഷേധത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷ, മെഡികെയര്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രതിബദ്ധത തുടരുമെന്ന് പറഞ്ഞ വൈറ്റ് ഹൗസ് പ്രതിഷേധത്തിന് പിന്നില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണെന്ന് ആരോപിച്ചു. ഡെമോക്രാറ്റുകളുടെ ഈ നിലപാട് സാമ്പത്തിക നാശത്തിലേക്ക് നയിക്കുമെന്നും വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു അവകാശപ്പെട്ടു.
2017 ലെ വനിതാ മാര്‍ച്ചിനും 2020 ലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ക്കും ശേഷമുള്ള യു.എസിലെ ഏറ്റവും വലിയ പ്രതിഷേധ റാലിക്കാണ് ഇന്നല രാജ്യം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിനുശേഷം രാജ്യവ്യാപകമായി ട്രംപിനും മസ്‌കിനുമെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ഒന്നുമാത്രമാണിത്.
Content Highlight: Hand’s off; huge protest against trump and musk around United States