ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര ഉത്തരവില്‍ ഇടം നേടി കേരളത്തില്‍ നിന്നുള്ള സംഭവങ്ങളും. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകം, കൈവെട്ട് കേസ്, ആര്‍.എസ്.എസ് പ്രവര്‍ത്തകരായ സഞ്ജിത്തിന്റെയും വിപിനിന്റെയും കൊലപാതകം തുടങ്ങിയവയാണ് ഉത്തരവില്‍ പറയുന്നത്.
2018 ജൂലായ് രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് ക്യാമ്പസില്‍ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
2010 ജൂലൈ 4നായിരുന്നു മൂവാറ്റുപുഴയിലെ നിര്‍മല കോളേജിനടുത്തുവച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രൊഫസറായ ടി.ജെ. ജോസഫ് എന്നയാളുടെ വലത് കൈപ്പത്തി മതനിന്ദ ആരോപിച്ച് വെട്ടിമാറ്റിയത്. കേസില്‍ എസ്.ഡി.പി.ഐ, പൊപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
ഇതുകൂടാതെ യു.പി, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് നിരോധനത്തിന് ശുപാര്‍ശ ചെയ്തിരുന്നെന്നതും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളേയും ഭരണഘാടനാ സ്ഥാപനങ്ങളേയും അവഹേളിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനമെന്ന് നിരോധന ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘടനകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ റിക്രൂട്ട് ചെയ്തു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചിരിക്കുന്നത്. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.
സംഘടന യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കന്‍മാരുടെ വീടുകളിലും എന്‍.ഐ.എയുടെയും ഇ.ഡിയുടെയും നേതൃത്വത്തില്‍ വന്‍ റെയ്ഡ് നടന്നിരുന്നു. 15 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ദേശീയ നേതാക്കളടക്കം നിരവധിപേരെ കസ്റ്റഡിയിലെടുത്തിരുന്നു.
എന്‍.ഐ.എ നടപടിക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയും എന്‍.ഐ.എ റെയ്ഡും നടപടികളും തുടര്‍ന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും കൂടി ഉള്‍പ്പെട്ടതോടെ നിലവില്‍ 42ലധികം സംഘടനകളാണ് കേന്ദ്ര സര്‍ക്കാരിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.