കൈവെട്ട് കേസ്: 14 പേര്‍ കുറ്റക്കാര്‍, 18 പേരെ വെറുതെ വിട്ടു
Daily News
കൈവെട്ട് കേസ്: 14 പേര്‍ കുറ്റക്കാര്‍, 18 പേരെ വെറുതെ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th April 2015, 12:05 pm

tj-joseph-2
കൊച്ചി: തൊടുപുഴ ന്യൂമാന്‍സ് കോളേജ് പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടി മാറ്റിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍.ഐ.എ കോടതി ഉത്തരവിട്ടു. കേസില്‍ 18 ഓളം പേരെ കോടതി വെറുതെ വിട്ടു. 10,11, 13 മുതല്‍ 24 , 26, 32, 37 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.

ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മെയ് അഞ്ചിനാണ് ശിക്ഷ വിധിക്കുക

കേസില്‍ പതിനൊന്ന് പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് കോടതി ശരിവെച്ചു. കേസില്‍ ആകെ 37 പ്രതികളാണ് ഉണ്ടായിരുന്നത്. 2010 ജൂലൈ നാലിനായിരുന്നു പ്രൊഫസര്‍ ജോസഫിനെ ആക്രമിച്ചിരുന്നത്. പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ജോസഫിനെ ഓമ്‌നി വാനിലെത്തിയ ഏഴംഗ അക്രമി സംഘം വെട്ടി പരിക്കേല്‍പിച്ചിരുന്നത്.

മത സ്പര്‍ദ്ധ ഉണ്ടാക്കിയതിന് അറസ്റ്റിലായിരുന്ന ടി.ജെ ജോസഫ്  ജാമ്യത്തിലിറങ്ങിയിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിനെതിരെ അക്രമണം നടന്നിരുന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചും എന്‍.ഐ.എയുടെ കൊച്ചി, ഹൈദരാബാദ് യൂണിറ്റുകളും ഏറ്റെടുക്കുകയായിരുന്നു.