കൈവെട്ട് കേസ് : ശിക്ഷ വെള്ളിയാഴ്ച വിധിക്കും
Daily News
കൈവെട്ട് കേസ് : ശിക്ഷ വെള്ളിയാഴ്ച വിധിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th May 2015, 1:32 pm

tj-joseph-2

കൊച്ചി: പ്രവാചക നിന്ദ ആരോപിച്ച് കോളേജ് അധ്യാപകനായ പ്രഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ പ്രതികള്‍ക്കുള്ള ശിക്ഷ മെയ് 8ന് പ്രഖ്യാപിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയായെങ്കിലും വിധി പകര്‍പ്പ് തയ്യാറാക്കേണ്ടതിനാലാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചത്.

പ്രതികളോട് ശിക്ഷ സംബന്ധിച്ചുള്ള വിവരങ്ങള്‍ കോടതിയില്‍ വെച്ച് ആരാഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. സമൂഹത്തെ ബാധിക്കുന്ന തീവ്രവാദ പ്രവര്‍ത്തനമാണ് പ്രതികള്‍ ചെയ്തതെന്നും സമാന്തര ഭരണകൂടമായി പ്രതികള്‍ പ്രവര്‍ത്തിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണമെന്നും തീവ്രവാദപ്രവര്‍ത്തനമായി ഇതിനെ കാണരുതെന്നും പ്രതിഭാഗം വാദിച്ചു.

കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പയില്‍ വീട്ടില്‍ അബ്ദുല്ലത്തീഫ് (44), മുപ്പത്തടം ഏലൂക്കര തച്ചുവള്ളത്ത് ടി.എച്ച്. അന്‍വര്‍ സാദിഖ് (35) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. എന്‍.ഐ.എപ്രത്യേക കോടതി ജഡ്ജി പി. ശശിധരനാണ് ശിക്ഷ പ്രഖ്യാപിക്കുക.

കേസിലാകെ 14 പേരെയാണ് കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തിയിരുന്നത്. 17 പേരെ കേടതി വെറുതെ വിട്ടിരുന്നു. 31 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരുന്നു. ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.