കൊച്ചി: ചോദ്യപ്പേപ്പറില്‍ പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കോടതി വിധി പറഞ്ഞ ദിവസത്തെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കും. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ സഹായത്തോടെ കേരള പൊലീസ് പരിശോധിക്കുന്നത്.
രണ്ട് ആക്രമണ രീതികളിലും സമാനതകള്‍ കണ്ടതിനെത്തുടര്‍ന്നാണ് അഭിമന്യു വധക്കേസിന്റെ അന്വേഷണം ഈ ദിശയിലേക്കു നീങ്ങുന്നത്.
മലയാളം ചോദ്യപ്പേപ്പറില്‍ പ്രവാചകനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസില്‍ 13 പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയ 2015 ഏപ്രില്‍ 30, ഇവര്‍ക്കുള്ള ശിക്ഷ വിധിച്ച മേയ് എട്ട് ദിവസങ്ങളില്‍ കലൂരിലെ എന്‍.ഐ.എ പ്രത്യേക കോടതി പരിസരത്ത് ഒത്തുകൂടിയവരുടെ ദൃശ്യങ്ങളാണു പൊലീസ് പരിശോധിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ), സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) തുടങ്ങിയവരുടെ പ്രവര്‍ത്തകര്‍, കൈവെട്ടു കേസിന്റെ വിധി പറഞ്ഞദിവസം കോടതി പരിസരത്തു കൂട്ടമായെത്തിയിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ക്കായി ദൃശ്യ മാധ്യമ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ സഹകരണം പൊലീസ് തേടിയിട്ടുണ്ട്.
കൈവെട്ടുകേസിന്റെ കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന 31 പേരില്‍ കെ.എ. നജീബ്, എം.കെ. നാസര്‍ എന്നിവര്‍ ഇപ്പോഴും വിചാരണത്തടവുകാരായി ജയിലിലാണ്. ഇവരെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയവരുടെ വിശദാംശങ്ങളും പൊലീസ് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.
അതേസമയം അഭിമന്യുവിനെ കൊലപ്പെടുത്തിയ മുഹമ്മദ് എന്നയാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി കേസില്‍ ഉള്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ ആലോചിക്കുന്നതായും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.