| Saturday, 29th April 2017, 11:40 am

ഭിന്നശേഷിക്കാരുടെ ലൈംഗിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഒരു ചാരിറ്റി സംഘടന; ഹാന്‍ഡ് ഏഞ്ചല്‍സിനെ കുറിച്ചുള്ള വീഡിയോ റിപ്പോര്‍ട്ട് കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായ്‌വാന്‍: ഭിന്നശേഷിക്കാരുടെ ലൈംഗിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഒരു സംഘടന. കേള്‍ക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായി തോന്നിയേക്കാം. എന്നാല്‍ ഇതൊരു യാഥാര്‍ത്ഥ്യമാണ്. തായ്‌വാനിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. ഭിന്നശേഷിക്കാരനായ വിന്‍സെന്റ് എന്ന വ്യക്തിയാണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത്.

ഭിന്നശേഷിക്കാരായവരുടെ ലൈംഗിക താത്പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനായാണ് ഇത്തരമൊരു ചാരിറ്റി പ്രവര്‍ത്തനവുമായി ഇദ്ദേഹം രംഗത്തെത്തിയത്. തന്റെ ജീവിതയാത്രയെ കുറിച്ച് വിന്‍സെന്റിന്റെ വാക്കുകള്‍ ഇങ്ങനെ..

“വളരെ ദുര്‍ഘടമായ ഒരു ജീവിതമാണ് ഞാന്‍ നയിച്ചുകൊണ്ടിരുന്നത്. എന്നെപ്പോലെ ഭിന്നശേഷിക്കാരായ ഓരോ വ്യക്തികളെ കാണുമ്പോഴും ഞാന്‍ അവരുടെ ദു:ഖം മനസിലാക്കും. അവരില്‍ ഞാന്‍ എന്നെ തന്നെയാണ് കണ്ടത്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു കാര്യത്തിനായി ഞാന്‍ മുന്നിട്ടിറങ്ങിയതും”.

“മൂന്ന് മാസം പ്രായമായപ്പോഴാണ് എനിക്ക് പോളിയോ ബാധിക്കുന്നത്. നിലത്തൂടെ ഇഴഞ്ഞായിരുന്നു എന്റെ യാത്ര. പിന്നീട് എട്ട് വയസായപ്പോള്‍ വടികുത്തിപ്പിടിച്ചായി നടത്തം. പോസ്റ്റ് പോളിയോ സിന്‍ഡ്രോം ബാധിച്ച ഞാന്‍ 45 വയസായപ്പോഴാണ് വീല്‍ചെയര്‍ ഉപയോഗിച്ച് യാത്ര തുടങ്ങുന്നത്”.

“ഭിന്നശേഷിക്കാരായവരെ സഹായിക്കുക എന്നതായിരുന്നു എന്റെ ആദ്യ ലക്ഷ്യം. അങ്ങനെയാണ് “ഹാന്‍ഡ് ഏഞ്ചല്‍സ്” എന്ന സംഘടന തായ്‌ലന്റ് അടിസ്ഥാനമാക്കി തുടങ്ങിയത്. വളണ്ടിയര്‍മാരെ ഉപയോഗിച്ചുകൊണ്ടുള്ള ചാരിറ്റി പ്രവര്‍ത്തനമാണ് ഉദ്ദേശിച്ചത്.”

“ഭിന്നശേഷിക്കാരായ, അത് പുരുഷനായാലും സ്ത്രീയായാലും അവരെ സ്വയംഭോഗത്തിന് സഹായിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട സര്‍വീസില്‍ ഒന്ന്. അതൊരു കംപ്ലീറ്റ് പ്രോസസാണ്. രതിമൂര്‍ച്ച അനുഭവം അവര്‍ക്ക് സാധ്യമാക്കുക. സ്വയംഭോഗം ഒരിക്കലും സാധ്യമല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ സഹായം”.


Dont Miss മകരവിളക്ക് സീസണില്‍ ശബരിമലയിലേക്ക് വാങ്ങിയത് 1.87 കോടിയുടെ പാത്രങ്ങള്‍ ; അഴിമതിയുടെ കൂത്തരങ്ങായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് 


“ഒരു സാധാരണ മനുഷ്യരുടെ ലൈംഗിക താത്പര്യങ്ങള്‍ തന്നെയായിരിക്കും ഒരു സാധാരണ മനുഷ്യനും ഉണ്ടാകുക. എനിക്ക് കൈകളുണ്ട്. എന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എനിക്ക് സാധിക്കും. എനിക്ക് പുരുഷസുഹൃത്തുക്കളുണ്ട്. എന്റെ ആവശ്യങ്ങള്‍ മനസിലാക്കി അവര്‍ എനിക്ക് സഹായങ്ങള്‍ നല്‍കും”.

“എന്നാല്‍ സ്വന്തം കൈകള്‍ ഒന്ന് അനക്കാന്‍ പോലും പറ്റാത്ത നിരവധി പേരുണ്ട്. അവര്‍ക്ക് കൈ ഒന്ന് അനക്കാന്‍ പറ്റിയിരുന്നെങ്കില്‍ ലൈംഗിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് സാധിച്ചേനെ. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരിക്കലും ലൈംഗികത അനുവഭിക്കാന്‍ കഴിയില്ല. ആരാണ് അവരെ ഇതിന് സഹായിക്കുക? അവരുടെ താത്പര്യങ്ങളും ആവശ്യങ്ങളും ആര് പൂര്‍ത്തീകരിക്കുക?” -വിന്‍സെന്റ് ചോദിക്കുന്നു.

“ഞങ്ങളുടെ വളണ്ടിയര്‍മാരില്‍ പുരുഷന്‍മാരും സ്ത്രീകളും ഉണ്ട്. സെക്‌സ് വളണ്ടിയര്‍മാര്‍ അവരുടെ സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇവരെ കുറിച്ച് നന്നായി പഠിക്കും. ഒന്നര മണിക്കൂര്‍ നേരം മാത്രമായിരിക്കാം നമ്മള്‍ അവര്‍ക്കൊപ്പം ചിലവഴിക്കുന്നത്. എന്നാല്‍ ഇതിന് വേണ്ടി ആറ് മാസക്കാലത്തോളം ഒരുക്കങ്ങള്‍ നടത്തണമെന്ന് വളണ്ടിയറായ ഡാന്‍ പറയുന്നു. വേശ്യാവൃത്തി എന്ന് പറഞ്ഞ് ഞങ്ങളുടെ ഈ സര്‍വീസിനെ വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ “ഹാന്‍ഡ് ഏഞ്ചല്‍സ് “എന്ന ഞങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനം തായ് വാനിലെ നിയമത്തിന് അനുസൃതമായിട്ടാണ”്.-ഡാന്‍ പറയുന്നു.

“ഞങ്ങളെ അവര്‍ ലൈംഗിക തൊഴിലാളികളായി ഒരുപക്ഷേ കണ്ടേക്കാം. അതില്‍ കുഴപ്പമൊന്നും ഇല്ല. -വളണ്ടിയറായ അനാന്‍ എന്ന യുവതി പറയുന്നു. ശരീരം പോലും ഒന്ന്് അനക്കാന്‍ കഴിയാതെ ഇരിക്കുന്ന ആളുകള്‍. അവരുടെ താത്പര്യങ്ങള്‍ മനസിലാക്കി അതിനൊത്ത് പ്രവര്‍ത്തിക്കുക. അതിലെന്താണ് തെറ്റായുള്ളത്”?

“മതസ്ഥാപനങ്ങളും പാരന്റ്‌സ് ഗ്രൂപ്പുകളും ഉണ്ടാക്കുന്ന സംഘടനകളുണ്ട്. അവര്‍ ആലോചിക്കുന്നത് ഭിന്നശേഷിക്കാരായവര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന ജോലിയെ കുറിച്ചും അവര്‍ക്ക് മറ്റുള്ളവരുടെ സഹായം കൂടാതെ ജീവിക്കാനുള്ള സാഹചര്യത്തെ കുറിച്ചും മാത്രമാണ്. എന്നാല്‍ ഒരിക്കലും ഇവരുടെ ലൈംഗിക അവകാശത്തെ കുറിച്ച് അവര്‍ ചിന്തിക്കാറില്ല. അതാണ് ഞങ്ങള്‍ ഇവിടെ ചെയ്യുന്നത്.”- അനാന്‍ പറയുന്നു.

“ഭിന്നശേഷിക്കാരായ നിരവധി പേര്‍ നമുക്ക് ചുറ്റും ഉണ്ട്. അവരില്‍ സ്വവര്‍ഗാനുരാഗികളും ഹെട്രോസെക്ഷ്വലും ബൈസെക്ഷ്വലായുള്ളവരും എല്ലാം ഉണ്ട്. അവര്‍ക്കൊന്നും സന്തോഷകരമായ ഒരു ജീവിതം ലഭിക്കുന്നില്ല. അവരുടെ ലൈംഗിക ജീവിതം എപ്പോഴും പരാജയമായിരിക്കും”.

സന്തോഷമായിരിക്കാന്‍ കഴിയുന്ന ഒരു സാഹചര്യത്തില്‍ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. എനിക്കൊപ്പം എന്റെ സുഹൃത്തുക്കളും സന്തോഷത്തോടെയിരിക്കണം. അതിന് വേണ്ടിയാണ് ഞാന്‍ അവരെ സഹായിക്കുന്നത്- വിന്‍സെന്റ് പറയുന്നു.

We use cookies to give you the best possible experience. Learn more