കൊച്ചി: കാറപകടത്തില്‍ ദുരൂഹതയുണ്ടെന്ന ഹനാന്റെ ആരോപണത്തില്‍ പ്രതികരണവുമായി ഹനാന് കൂട്ടുപോയ ഡ്രൈവര്‍ ജിതേഷ്. മനപൂര്‍വ്വം അപകടപ്പെടുത്താന്‍ വേണ്ടി താനൊന്നും ചെയ്തിട്ടില്ലെന്നാണ് ജിതേഷ് പറഞ്ഞത്. മനോരമ ന്യൂസ്.കോമിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഹനാന്‍ എന്നെക്കുറിച്ച് ആരോപണം ഉന്നയിച്ചത് അറിഞ്ഞു. മനപൂര്‍വ്വം അപകടപ്പെടുത്താന്‍ വേണ്ടി ഞാന്‍ യാതൊന്നും ചെയ്തിട്ടില്ല. അതിനെ സഹായിക്കാന്‍ വേണ്ടിയാണ്, മൂന്ന് ദിവസത്തെ പരിപാടിക്ക് ഒപ്പം ഞാന്‍ തന്നെ പോകാമെന്ന് കരുതിയത്. അത് ഈ വിധമാകുമെന്ന് വിചാരിച്ചില്ല.” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഹനാനും തന്റെ സഹോദരിയും ഒന്നിച്ചാണ് ഇവന്റ് മാനേജ്‌മെന്റ് ചെയ്തിരുന്നത്. സഹോദരി വഴിയാണ് ഹനാനുവേണ്ടി ഓട്ടം പോകുന്നത്.
തിരുവനന്തപുരത്തെയും വര്‍ക്കലയിലെയും പരിപാടി കഴിഞ്ഞ് വിശ്രമമില്ലാതെയാണ് കോഴിക്കോട്ടേക്ക് പോയത്. തിരിച്ച് കൊടുങ്ങല്ലൂരില്‍ എത്തിയപ്പോള്‍ രാത്രിയായിരുന്നു. ക്ഷീണം തോന്നിയതിനാല്‍ ഹനാന്റെ അനുവാദത്തോടെ തന്നെ കാര്‍ നിര്‍ത്തിയില്‍ മുന്‍സീറ്റില്‍ താനും പിന്നില്‍ ഹനാനും ഉറങ്ങി. രാവിലെ എഴുന്നേറ്റ് വണ്ടി എടുത്ത് അല്പദൂരം പിന്നിട്ടപ്പോഴാണ് ഒരാള്‍ വട്ടംചാടുന്നത്. അയാളെ രക്ഷിക്കാനായി ബ്രേക്ക് പിടിച്ചപ്പോള്‍ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സീറ്റില്‍ ഉറങ്ങുകയായിരുന്ന ഹനാന്‍ ഉയര്‍ന്നുപൊങ്ങി താഴെ വീഴുകയായിരുന്നു. ഹാന്റ്‌ബ്രേക്കിനിടിച്ചാവാം ഹനാന്റെ നട്ടെല്ലിന് ക്ഷതമേറ്റത്. അപ്പോള്‍ തന്നെ അതുവഴിയെത്തിയ ആംബുലന്‍സില്‍ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.
ആഗസ്റ്റ് 31ന് വീട്ടില്‍ നിന്നും ഇറങ്ങിയ താന്‍ ഇതുവരെ ഹനാനൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. ബാപ്പ കൂട്ടിന് എത്തിയതോടെ ഇന്നലെയാണ് തിരിച്ച് വീട്ടിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
അപകടം മനപൂര്‍വ്വം സൃഷ്ടിച്ചതാണോയെന്ന സംശയമുണ്ടെന്നായിരുന്നു ഹനാന്‍ ആരോപിച്ചത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ ആരോപിച്ചിരുന്നു.