താൻ ഹുക്ക വലിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും: ഹനാൻ
Kerala News
താൻ ഹുക്ക വലിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും: ഹനാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th November 2018, 3:13 pm

കൊച്ചി: താന്‍ ഹുക്ക വലിക്കുന്ന വീഡിയോ എടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചാരം കൊടുക്കുന്നവർക്ക് എതിരെ പരാതി നൽകുമെന്ന് ഹനാന്‍ ഹനാനി. ലഹരിയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന ഉറപ്പോടെയാണ് ഒരു കൗതുകത്തിന് വേണ്ടി താൻ ഹുക്ക വലിച്ചതെന്നും ഇത് ചിലര്‍ ദുരുപയോഗം ചെയ്യാനായി ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണെന്നും ഹനാന്‍ പറഞ്ഞു. പ്രചാരണത്തിനെതിരെ ഹനാന്‍ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഇടപ്പള്ളിയിലുള്ള മാരിയട്ട് ഹോട്ടലില്‍ വെച്ച് ഹനാന്‍ ഹുക്ക വലിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിലും മറ്റും പ്രചരിച്ചത്. “കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയന്‍ വിശേഷിപ്പിച്ച ഹനാന്‍ കൊച്ചി മാരിയട്ട് ഹോട്ടലില്‍ 1000 രൂപയ്ക്കു ഹുക്കവലിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പ്രചരിക്കുന്നത്. ഹാനാൻ ഇതിനെത്തുടർന്ന് ഫേസ്ബുക്ക് ലൈവിൽ വന്നും കാര്യങ്ങൾ വിശദീകരിച്ചു.

Also Read പാര്‍ട്ടി എടുത്ത തീരുമാനം അംഗീകരിക്കുന്നു: പി.കെ ശശി

“ഒരു സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഞാൻ മാരിയറ്റില്‍ പോയത്. അവിടെ ആളുകൾ കൂടിയിരുന്നു ഹുക്ക വലിക്കുന്നത് കണ്ടപ്പോൾ ഹോട്ടൽ സ്റ്റാഫിനോട് ഇത് എന്താണെന്ന് ചോദിച്ചു.. അറബികള്‍ ഉന്മേഷത്തിനായി സാധാരണ ഉപയോഗിക്കാറുള്ളതാണ് ഹുക്കയെന്നും നിക്കോട്ടിൻ പോലുള്ള ലഹരി വസ്തുക്കൾ ഇതിൽ ഇല്ലെന്നും അവർ പറഞ്ഞു. ഇത് കേട്ടപ്പോൾ ഉണ്ടായ ഒരു കൗതുകം കൊണ്ടാണ് ഹുക്ക വലിച്ചത്. ഒരുപാട് മലയാളികൾ ആ സമയം അവിടെ ഉണ്ടായിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന ചിലർ എന്റെ വീഡിയോ എടുക്കുവാരുന്നു”. ഹനാൻ പറഞ്ഞു.

Also Read രാമക്ഷേത്രം ബി.ജെ.പിയുടെ മാത്രം കുത്തകയല്ല: കേന്ദ്രമന്ത്രി ഉമാ ഭാരതി

മീന്‍ വില്‍ക്കുന്നവരും പാവപ്പെട്ടവരുമായ ആൾക്കാരൊന്നും വലിയ ഹോട്ടലുകളിലൊന്നും പോകരുതെന്നും നല്ല വസ്ത്രം ധരിക്കരുതെന്നും കരുതുന്നവരാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത്. ഞാന്‍ പട്ടിണി കിടക്കുന്നത് കാണുന്നതാണ് അവർക്ക് സന്തോഷം. പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന ഒരുപാടുപേർ ഇവിടെയുണ്ട്. അവരെ പോലെ തന്നെയാണ് ഞാനും.എന്നാൽ എനിക്കെതിരെ മാത്രം സൈബർ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു.

Also Read ഭാര്യയെ സംശയം; അച്ഛൻ കുഞ്ഞിന്റെ കഴുത്തും കൈവിരലുകളും അറുത്തു

തന്നെ ഒരു ഓണ്‍ലൈന്‍ പത്രത്തിലെ റിപ്പോര്‍ട്ടര്‍ എന്നെ വിളിച്ച് ചില കാര്യങ്ങള്‍ ചോദിക്കുകയും തന്റെ റെക്കോർഡ് ചെയ്ത ശബ്ദം തന്റെ അനുവാദമില്ലാതെ യൂടൂബിൽ അപ്പ് ലോഡ് ചെയ്യുകയും ചെയ്തു. ഒരു പെണ്‍കുട്ടിയുടെ വീഡിയോ അനുവാദമില്ലാതെ എടുക്കുന്നതും സോഷ്യൽ മീഡിയ വഴി പ്രചാരം കൊടുക്കുന്നതും സൈബര്‍ കുറ്റമാണ്. വീഡിയോ എടുത്തവര്‍ക്കെതിരെയും ശബ്ദം റെക്കോർഡ് ചെയ്ത പ്രചരിപ്പിച്ച റിപോർട്ടർക്കെതിരെയും കമ്മീഷണർക്ക് താൻ പരാതി നൽകിയിട്ടുണ്ട്. ഇതിനെതിരെ നിയനടപടികളുമായി മുന്നോട്ടുപോകും. ഹനാൻ പറഞ്ഞു.