| Thursday, 26th July 2018, 7:02 pm

എനിയ്ക്ക് നിങ്ങളുടെ ഒരുരൂപ പോലും വേണ്ട, അക്കൗണ്ടിലേക്കയച്ച പണം മുഴുവന്‍ തിരിച്ചുകൊടുക്കും'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഹനാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സഹായിക്കാനായി പലരും തന്റെ അക്കൗണ്ടിലേക്കയച്ച പണം മുഴുവനും തിരിച്ചുകൊടുക്കുമെന്ന് ഹനാന്‍. സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്‍.

” എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്.” മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഹനാന്‍ പറയുന്നു.

അക്കൗണ്ടിലേക്ക് വന്ന പണം മുഴുവന്‍ തിരിച്ചുനല്‍കുമെന്നും തന്നെ ജോലി ചെയ്ത് ജീവിക്കാനനുവദിക്കണമെന്നും ഹനാന്‍ പറയുന്നു. കൂലിപ്പണിയെടുത്ത് ഞാന്‍ ജീവിച്ചോളാം. എന്നെ ടോര്‍ച്ചര്‍ ചെയ്യരുത്. എന്റെ എ.ടി.എം കാര്‍ഡ് നിങ്ങള്‍ക്ക് തരാം. പണം ആര്‍ക്കാണെങ്കിലും നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഡിസ്ട്രിബ്യൂട്ട് ചെയ്‌തോളൂ- ഹനാന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

ALSO READ: കേരളത്തിലെ വാട്‌സാപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കും

തന്നെ മീന്‍ വില്‍ക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഹനാനെതിരെ വ്യാപകമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം ഉണ്ടായിരുന്നു.

ഹനാന് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും കൊച്ചിയില്‍ ചെന്നാലുടന്‍ ഹനാനെ കാണുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

ALSO READ: തെഹ്‌രീക്കെ ഇന്‍സാഫ് അധികാരത്തിലേക്ക്: ജിന്നയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

പഠനത്തിനും ജീവിതചിലവിനും വേണ്ടി മത്സ്യം വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് പിന്തുണയുമായി നടന്‍ മണികണ്ഠനും രംഗത്തെത്തിയിരുന്നു.

അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more