തിരുവനന്തപുരം: പഠനത്തിനും ജീവിതചിലവിനും വേണ്ടി മത്സ്യം വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവരെ പൂട്ടാന്‍ പൊലീസ്. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.
സംഭവത്തില്‍ പരാതിയൊന്നും കിട്ടിയിട്ടില്ലെങ്കിലും ഇത്തരക്കാര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്സ്ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പൊലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസമാണ് കൊച്ചി തമ്മനത്ത് കോളേജ് യൂണിഫോമില്‍ മത്സ്യവ്യാപാരം നടത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ കഥ ലോകമറിഞ്ഞത്. തുടര്‍ന്ന് ഹനാന് പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവര്‍ രംഗത്തെത്തുകയും തന്റെ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം നല്‍കുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി അറിയിക്കുകയും ചെയ്തിരുന്നു.
Read Also : പഠനത്തിനായി മീന്‍വില്‍ക്കുന്നത് യാഥാര്‍ത്ഥ്യം; വേട്ടയാടരുത്; ജീവിക്കാന്‍ അനുവദിക്കണമെന്നും ഹനാന്‍
എന്നാല്‍ വൈകീട്ടോടെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇതില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. വാര്‍ത്ത വ്യാജമാണെന്നും അരുണ്‍ ഗോപിയുടെ സിനിമയുടെ പ്രചാരണാര്‍ത്ഥം നടത്തിയ നാടകമാണുമായിരുന്നെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.
ഇതോടെ ഹനാനെ അവഹേളിക്കുന്ന രീതിയില്‍ നിരവധി കമന്റുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ തെറിവിളിയും അസഭ്യ വര്‍ഷങ്ങളും പെണ്‍കുട്ടിക്ക് നേരെ ഉയര്‍ന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെയും വെറുതെ വിട്ടില്ല.
ഒടുവില്‍ ഹനാന് തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് തന്റെ അവസ്ഥ പറയേണ്ടി വന്നു. ജീവിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച ഒരു പാവം പെണ്‍കുട്ടിയാണ് താനെന്നും സിനിമയുടെ പ്രൊമോഷന് വേണ്ടി നാടകം കളിക്കുകയായിരുന്നെന്ന ചിലരുടെ വാദം ക്രൂരമാണെന്നും ഹനാന്‍ കരഞ്ഞ് കൊണ്ട് പറഞ്ഞു.
എന്നിട്ടും സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ വെറുതെ വിടാത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ തെറിവിളിയും പരിഹസവും തുടരുകയാണ്.
“പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. സിനിമയുടെ പ്രചരണത്തിനായി മീന്‍വിറ്റുവെന്ന ആരോപണം തെറ്റാണ്. കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയിരുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നു”. ഹനാന്‍ പറയുന്നു.
എന്നാല്‍ കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്. സംവിധായകര്‍ ആരേയും പരിചയമില്ലെന്നും ഒരു സംവിധായകനും തന്നെ വിളിക്കുകയോ അവസരം തരുകയോ ചെയ്തിട്ടില്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് മാന്യമായ ജോലി ചെയ്യുന്നതെന്നും ഹനാന്‍ പറഞ്ഞിരുന്നു.