| Thursday, 26th July 2018, 11:23 am

പഠനത്തിനായി മീന്‍വില്‍ക്കുന്നത് യാഥാര്‍ത്ഥ്യം; വേട്ടയാടരുത്; ജീവിക്കാന്‍ അനുവദിക്കണമെന്നും ഹനാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും ഹനാന്‍. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഹനാന്‍ പറഞ്ഞു.

സിനിമയുടെ പ്രചരണത്തിനായി മീന്‍വിറ്റുവെന്ന ആരോപണം തെറ്റാണ്. കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയിരുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നു.

എന്നാല്‍ കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്.

സംവിധായകര്‍ ആരേയും പരിചയമില്ലെന്നും ഒരു സംവിധായകനും തന്നെ വിളിക്കുകയോ അവസരം തരുകയോ ചെയ്തിട്ടില്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് മാന്യമായ ജോലി ചെയ്യുന്നതെന്നും ഹനാന്‍ പറഞ്ഞു.


ഹനാന് സിനിമയില്‍ അവസരം കൊടുക്കാമെന്ന് പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നില്ല; സംവിധായകന്‍ അരുണ്‍ ഗോപി


ഹനാന്റെ ദരിദ്രപശ്ചാത്തലം ശരിവെച്ച് കോളേജ് പ്രിന്‍സിപ്പലും രംഗത്തെത്തി. ഹാനാന് മറ്റ് വരുമാന മാര്‍ഗമൊന്നും ഇല്ലെന്നും കോളേജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ഹനാന്‍ ബുദ്ധിമുട്ടാറുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

മീന്‍വിറ്റും മറ്റുമാണ് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ഹനാന്റെ കുടുംബപശ്ചാത്തലവും മോശമാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രം ഇന്നലെയായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്. വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ ഹനാനെ തേടി നിരവധിപേരെത്തി.

ഹനാന് പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തി. ഇതോടെ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഹനാന്‍ നാടകം കളിക്കുകയായിരുന്നെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

We use cookies to give you the best possible experience. Learn more