കൊച്ചി: മീന്‍ വില്‍പ്പന നടത്തി സഹതാപം സമ്പാദിക്കാൻ ശ്രമം നടത്തി എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി രൂക്ഷ വിമർശനം നേരിടേണ്ടി വന്ന പെൺകുട്ടിയാണ് ഹനാൻ. ഇതിനെതിരെയെല്ലാം ഒറ്റയ്ക്ക് സധൈര്യം പോരാടിയ മീൻവിൽപ്പനയിലൂടെ തന്നെ തന്റെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണിപ്പോൾ. “വൈറൽ ഫിഷ്” എന്ന പേരിൽ പുതിയ മൊബൈൽ മീൻ വിൽപ്പന സ്ഥാപനം തുടങ്ങിയിരിക്കുകയാണ് ഹനാൻ ഇപ്പോൾ.
താൻ മുൻപ് മീൻവിൽപ്പന നടത്തിയ കൊച്ചിയിലെ തമ്മനം ജംഗ്ഷനിൽ തന്നെയാണ് ഈ പുതിയ സംരംഭവും പ്രവർത്തിക്കുന്നത്.നടൻ സലിം കുമാറാണ് ഹനാന്റെ സ്ഥാപനം ഉദഘാടനം ചെയ്തത്. ടാറ്റായുടെ “എയ്‌സ്” എന്ന പിക്ക്അപ്പ് വാഹനമാണ് തന്റെ കച്ചവടം നടത്താൻ ഹനാൻ തിരഞ്ഞെടുത്തിരിക്കുന്നത്. തന്റെ കച്ചവടം വൻ വിജയമാണെന്നാണ് ഹനാൻ പറയുന്നത്.
Also Read ചൈനീസ് ടെലികോം ഭീമന്‍ ഹുവായ് സി.എഫ്.ഒ. കാനഡയില്‍ അറസ്റ്റില്‍
മീൻ വിൽപ്പനയ്ക്ക് വേണ്ടിയുള്ള വാഹനം ഹാനാന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് ഡിസൈൻ ചെയ്തത്. നേരത്തെ തന്നെ മുറിച്ച് വൃത്തിയാക്കിയ പാക്ക് ചെയ്ത മീനാകും വാഹനത്തിൽ നിന്നും ലഭിക്കുക. വിൽപ്പനയിൽ ഹനാനെ സഹായിക്കാനായി ഒരാളും ഉണ്ടാകും. തന്റെ പഠിത്തവും മീൻ വിൽപ്പനയും ഒരുമിച്ച് കൊണ്ട് പോകാനാണ് ഹനാൻ ആഗ്രഹിക്കുന്നത്. “വൈറൽ ഫിഷ്” മൊബൈൽ മാർക്കറ്റിന്റെ ആപ്പും വെബ്സൈറ്റും ഉടൻ തന്നെ പുറത്തിറങ്ങും.
തമ്മനത്ത് മീൻ വിൽപ്പന നടത്താൻ കൊച്ചി കോർപ്പറേഷൻ ഹനാന് അനുമതി നൽകിയിട്ടുണ്ട്. തന്നെപ്പോലെ തന്നെ തന്റെ പുതിയ സംരംഭവും ജനങ്ങൾക്കിടയിൽ വൈറലാകുമെന്നാണ് ഹനാൻ കരുതുന്നത്. രാവിലെ കാക്കനാട്ടും വൈകുന്നേരം തമ്മനത്തും വിൽപ്പന നടത്താനാണ് ഹനാൻ പദ്ധതിയിടുന്നത്. ഓൺലൈൻ വഴിയും മൊബൈൽ ആപ്പ് വഴിയും വിൽപ്പന വിപുലീകരിക്കുകയും ചെയ്യും.
സംരംഭം തുടങ്ങാനുള്ള പണം ലോണെടുത്താണ് ഹനാൻ കണ്ടെത്തിയത്. ജില്ലാ ഭരണകൂടം ഫിഷ്സ്റ്റാൾ തുടങ്ങാൻ സഹായിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. തനിക്കുണ്ടായ വാഹനാപകടത്തിൽ നിന്നും കര കയറുകയാണ് ഹനാൻ. ചികിത്സയുടെ ആവശ്യത്തിനായി കോളേജിൽ ലീവിന് അപേക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ ഹനാൻ.
സാമൂഹിക മാധ്യമങ്ങളിൽ ആദ്യം ആഘോഷിക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തപ്പോൾ തളരാതെ നിന്നു പോരാടിയ പെൺകുട്ടിയാണ് ഹനാൻ. ഹനാന്‍ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ ശ്രവിച്ചത്. ഇലക്ട്രീഷ്യനായ ഹമീദിന്‍റെയും വീട്ടമ്മയായ സൈറാബിയുടെയും രണ്ടുമക്കളിൽ മൂത്തവളാണ് ഹനാൻ.