| Monday, 20th December 2021, 9:54 am

'ലിറ്റില്‍ വാഴ്‌സൊ'യുടെ ചരിത്രം തിരുത്താന്‍ അമര്‍ ഖാലിബ്; പൂര്‍ണമായും മുസ്‌ലിങ്ങള്‍ ഭരിക്കുന്ന ആദ്യ അമേരിക്കന്‍ നഗരമാവാനൊരുങ്ങി ഹാംട്രാംക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹാംട്രാംക്: അമേരിക്കയില്‍ പൂര്‍ണമായും മുസ്‌ലിങ്ങള്‍ ഭരിക്കുന്ന ആദ്യ നഗരമാവാനൊരുങ്ങി മിഷിഗണിലെ ഹാംട്രാംക് സിറ്റി.

പുതുതായി ചുമതലയേല്‍ക്കാനിരിക്കുന്ന ഹാംട്രാംക് സിറ്റി കൗണ്‍സിലില്‍ മുഴുവനും മുസ്‌ലിം ജനപ്രതിനിധികളാണ്. ആറ് അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്.

‘മുസ്‌ലിം പബ്ലിക് അഫയേഴ്‌സ് കൗണ്‍സിലാ’ണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹാംട്രാംകിന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം മേയറായി അമര്‍ ഖാലിബ് ചുമതലയേല്‍ക്കാനിരിക്കുകയാണ്. 42കാരനായ ഖാലിബ് ഹെല്‍ത്ത്‌കെയര്‍ വര്‍ക്കറാണ്.

ഹാംട്രാകിന്റെ കഴിഞ്ഞ 100 വര്‍ഷത്തെ ചരിത്രത്തില്‍, പോളിഷ്-അമേരിക്കന്‍ പൗരനല്ലാത്ത ആദ്യത്തെ മേയര്‍ കൂടിയായിരിക്കും ഖാലിബ്. യെമനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയയാളാണ് അമര്‍ ഖാലിബ്.

ഹാംട്രാംക് നഗരം രൂപപ്പെട്ടതിന്റെ നൂറാം വാര്‍ഷികദിനമായ 2022 ജനുവരി രണ്ടിനാണ് പുതിയ ഗവണ്‍മെന്റ് അധികാരമേല്‍ക്കുന്നത്. പൂര്‍ണമായും മുസ്‌ലിങ്ങളുള്ള സിറ്റി കൗണ്‍സില്‍ ഭരണകൂടമാണ് ജനുവരിയില്‍ ഭരണത്തിലേറുന്നത്.

രണ്ട് സ്‌ക്വയര്‍ മൈല്‍ മാത്രം വിസ്തൃതിയുള്ള കുഞ്ഞന്‍ നഗരമായ ഹാംട്രാംക് പോളിഷ് പൗരന്മാര്‍ മേയറായി ഭരിച്ചത് കാരണം ‘ലിറ്റില്‍ വാഴ്‌സൊ’ എന്നായിരുന്നു അറിയപ്പെട്ടിരുന്നു.

മുമ്പ് പോളണ്ടില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ആധിപത്യത്തില്‍ കഴിഞ്ഞിരുന്ന നഗരത്തില്‍ ഇന്ന് യെമന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ് കൂടുതലുമുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hamtramck to become first city in America with all-Muslim government

We use cookies to give you the best possible experience. Learn more