| Wednesday, 15th November 2023, 1:46 pm

ഇസ്രഈല്‍ മറ്റൊരു നക്ബക്ക് പദ്ധതിയിടുകയാണ്: ഹമാസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ മറ്റൊരു ‘നക്ബ’ യിലേക്കാണ് ലക്ഷ്യമിടുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍.

1948ലെ ഇസ്രഈൽ അധിനിവേശത്തിലാണ് ആദ്യമായി ഫലസ്‌തീനിൽ വംശീയ ഉന്മൂലനം (നക്ബ) നടന്നത്.

‘ഗസയിലെ അധിനിവേശ ഇസ്രഈല്‍ ഭരണകൂടം ആധുനിക ലോകത്തിന്റെ മുന്നില്‍ മറ്റൊരു ‘നക്ബ’ നടത്താന്‍ പദ്ധതിയിടുകയാണ്,’ ഹമാസിന്റെ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം ഒസാമ ഹംദാന്‍ പറഞ്ഞു.

ഹമാസ് ഗസയിലെ ആശുപത്രികളെ രഹസ്യ താവളങ്ങളായി ഉപയോഗിക്കുന്നുവെന്ന ഇസ്രഈല്‍ ഭരണകൂടത്തിന്റെയും യു.എസിന്റെയും വാദത്തെ ഹംദാന്‍ നിഷേധിച്ചു.

ഗസയുടെ തീരപ്രദേശത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളെ ഇസ്രഈല്‍ ഭരണകൂടം മനപ്പൂര്‍വം ടാര്‍ഗറ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന് ഗസയില്‍ ഭൂഗര്‍ഭ തുരങ്കങ്ങളുടെ വിശാലശൃംഖലകള്‍ ഉണ്ടെന്നും അതിനാല്‍ ആശുപത്രികളെ കമാന്‍ഡ് സെന്ററുകളായി ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും ഹംദാന്‍ പറഞ്ഞതായി പ്രസ് ടി. വി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍ നടത്തുന്ന ഇത്തരത്തിലുള്ള തെറ്റായ വാദങ്ങള്‍ നിരാകരിക്കുന്നതിന് ഒരു അന്താരാഷ്ട്ര സമിതി രൂപീകരിക്കണമെന്ന് ഹമാസ് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.

‘ആശുപത്രികള്‍ ആക്രമിക്കുന്നതിലൂടെ അധിനിവേശക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് ഫലസ്തീന്‍ രാഷ്ട്രത്തെ പൂര്‍ണമായും മാറ്റിപാര്‍പ്പിക്കലാണ്. ഗസയിലെ ആശുപത്രികളെ കുറിച്ചുള്ള ഇസ്രഈല്‍ ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ പരാജയപ്പെട്ട സൈന്യത്തിന്റെ മാനസികനിലയെ സൂചിപ്പിക്കുന്നതാണ്,’ ഹംദാന്‍ പറഞ്ഞു.

അതേസമയം സംഘര്‍ഷത്തില്‍ ഇസ്രാഈല്‍ ഭരണകൂടത്തിന് ഇതുവരെ 180 ടാങ്കുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഭാവിയില്‍ ശക്തമായ പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുമെന്നും  ഹമാസിന്റെ ചെറുത്തുനില്‍പ്പ് അനുകൂലമായ അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: hams leader on al shifa hospital raid

We use cookies to give you the best possible experience. Learn more