| Tuesday, 1st September 2015, 1:28 pm

ഇന്ത്യന്‍ മുസ്‌ലിംങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞ ഉപരാഷ്ട്രപതി മാപ്പ് പറയണമെന്ന് വി.എച്ച്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: രാജ്യത്തെ മുസ്‌ലിംങ്ങളുടെ അസ്തിത്വവും അന്തസും സംരക്ഷിക്കപ്പെടണമെന്നും മുസ്‌ലിംങ്ങള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാന്‍ ഭരണകൂടം ഇടപടണമെന്നുള്ള ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ പ്രസ്താവന വര്‍ഗീയത നിറഞ്ഞതും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുള്ളതുമാണെന്ന് വിശ്വഹിന്ദു പരിഷത്ത്. മുസ്‌ലിംങ്ങള്‍ക്കിയില്‍ അസന്തുഷ്ടി സൃഷ്ടിക്കുന്ന പ്രസ്താവന ഉപരാഷ്ട്രപതിക്ക് ചേര്‍ന്നതല്ലെന്നും വി.എച്ച്.പി വൈസ് പ്രസിഡന്റ് സുരേന്ദ്ര ജെയിന്‍ ആരോപിച്ചു.

ഇന്ത്യയിലെ മുസ്‌ലിംങ്ങള്‍ക്ക് മറ്റ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഭരണഘടനാവകാശങ്ങള്‍ രാജ്യത്ത് ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി മുസ്‌ലിംങ്ങള്‍ വിവിധ രീതിയില്‍ പ്രീണിപ്പിക്കപ്പെടുകയാണെന്നും സുരേന്ദ്ര ജെയിന്‍ പറഞ്ഞു. പ്രസ്താവന നടത്തിയതിന് ഉപരാഷ്ട്രപതി മാപ്പപേക്ഷിക്കണമെന്നും ജെയിന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഇന്ത്യ മജ്‌ലിസ് മുശാവറെയുടെ സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു ഹാമിദ് അന്‍സാരി ഇന്ത്യന്‍ മുസ്‌ലിംങ്ങളുടെ അസ്തിത്വവും അന്തസും സംരക്ഷിക്കപ്പെടാന്‍ ഭരണകൂടം ഇടപടണമെന്ന് പറഞ്ഞിരുന്നത്. പ്രസംഗത്തില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച സച്ചാര്‍, കുണ്ഡു കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ വളര്‍ച്ച പൂര്‍ണമാവണമെങ്കില്‍ എല്ലാ വിഭാഗങ്ങളുടെയും വളര്‍ച്ച സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അപകര്‍ഷതാ ബോധമില്ലാതെ ഇതര സമുദായങ്ങളുമായി സംവദിക്കാന്‍ മുസ്‌ലിംങ്ങളെ പ്രാപ്തരാക്കണമെന്നും ഹാമിദ് അന്‍സാരി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more