ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപവേളയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് മുന്‍ വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരി. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ വേളയില്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 355 പ്രയോഗിക്കാതിരുന്നത് എന്നാണ് ഹമീദ് അന്‍സാരി ചോദിച്ചത്. “ബാഹ്യ അക്രമത്തില്‍ നിന്നും ആന്തരികമായ സംഘര്‍ഷങ്ങളില്‍ നിന്നും സംസ്ഥാനങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ടെന്ന് പറയുന്ന ആര്‍ട്ടിക്കിളാണിത്.
” വലിയൊരു ക്രമസമാധാന പ്രശ്‌നത്തെ നേരിടുന്നതില്‍ സര്‍ക്കാരും പൊലീസും പരാജയപ്പെടുമ്പോള്‍ എവിടെയായിരുന്നു ജനാധിപത്യ ഉത്തരവാദിത്തവും പാര്‍ലമെന്ററി സമ്പ്രദായവും” അദ്ദേഹം ചോദിക്കുന്നു.
“പ്രതിരോധമന്ത്രി സ്ഥലത്തുണ്ടായിരുന്നിട്ടും എന്തുകൊണ്ട് കേന്ദ്രം ആര്‍ട്ടിക്കിള്‍ 355 ഉപയോഗിച്ചില്ല?” എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
2002ലെ കലാപവേളയിലെ സൈനിക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ലെഫ്റ്റനന്റ് ജനറല്‍ സമീര്‍ ഉദിന്‍ ഷായുടെ “ദ സര്‍ക്കാരി മുസല്‍മാന്‍” എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2008ല്‍ ആര്‍മി ഡെപ്യൂട്ടി ചീഫ് സ്ഥാനത്തുനിന്നും അദ്ദേഹം വിരമിച്ചിരുന്നു.
Also Read:കേന്ദ്രം എച്ച്.എ.എല്ലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: മോദി സര്‍ക്കാരിനെതിരെ എച്ച്.എ.എല്‍ ജീവനക്കാര്‍
ഗുജറാത്ത് കലാപം പ്രതിരോധിക്കാന്‍ സുരക്ഷാ സേനയ്ക്ക് സൗകര്യങ്ങള്‍ പതുക്കെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഒരുക്കി നല്‍കിയതെന്നാണ് സമീര്‍ ഷാ പുസ്തകത്തില്‍ ആരോപിക്കുന്നത്. ക്രമസമാധാന നില പുനസ്ഥാപിക്കാന്‍ സൈന്യത്തിന് ആവശ്യമായ ചില വസ്തുക്കളുടെ ലിസ്റ്റ് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദിയ്ക്ക് നല്‍കിയിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സാന്നിധ്യത്തില്‍ അഹമ്മദാബാദില്‍വെച്ചായിരുന്നു ആ കൂടിക്കാഴ്ച നടന്നത്. എന്നാല്‍ പിറ്റേദിവസം രാവിലെ അഹമ്മദാബാദില്‍ 3000 സേനാംഗങ്ങള്‍ ഇറങ്ങിയിട്ടും അവര്‍ക്ക് വാഹന സൗകര്യം ലഭിക്കാന്‍ ഒരുദിവസം കാത്തുനില്‍ക്കേണ്ടിവന്നു. ആ ഒരു സമയത്തിനിടെ ജനക്കൂട്ടം കൊന്നൊടുക്കിയത് നൂറുകണക്കിന് ആളുകളെയാണെന്നും അദ്ദേഹം പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
“നിര്‍ണായകമായ മണിക്കൂറുകള്‍ നഷ്ടപ്പെട്ടു.” എന്നാണ് അദ്ദേഹം പുസ്തകത്തില്‍ കുറിച്ചത്.