ന്യൂദല്‍ഹി: ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന പ്രസ്താവനയുമായി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍സാരിയുടെ പ്രസ്താവന.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന് നേരത്തെ താന്‍ പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന് പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചില മാധ്യമറിപ്പോര്‍ട്ടുകളുടെയും പൊതു വായനയുടെയും അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന നടത്തിയത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ അത് സത്യമാണെന്ന് തെളിയിക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തന്നെ എടുത്തുനോക്കു. ഉത്തര്‍പ്രദേശിലും മുസ്‌ലിങ്ങളെ വേട്ടയാടുന്നുണ്ട്, അന്‍സാരി പറഞ്ഞു.
മുത്തലാഖ്, ലൗ ജിഹാദ് എന്നിവയുടെ പേരില്‍ മുസ്‌ലിങ്ങള്‍ ധാരാളം യാതനകള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്നാല്‍ എന്താണ് അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം കൃത്യമായ വിശദീകരണം നല്‍കിയില്ല.
ഇന്ത്യയിലെ മതേതരത്വത്തെപ്പറ്റിയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. സര്‍ക്കാരിന്റെ ഔദ്യോഗിക നിഘണ്ടുവില്‍ നിന്ന് തന്നെ മതേതരത്വം എന്ന വാക്ക് ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു.