പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതെന്തിന്? മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വിശദീകരിക്കുന്നു
National Politics
പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതെന്തിന്? മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വിശദീകരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th July 2018, 11:24 am

 

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ഇത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയായിരുന്നെന്ന് പരിപാടിക്ക് ക്ഷണിച്ചയാളോ ലോക്കല്‍ പൊലീസോ തന്നെ അറിയിച്ചിരുന്നില്ല എന്നാണ് ഹമീദ് അന്‍സാരി പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹമീദ് അന്‍സാരിയുടെ വിശദീകരണം.

ദല്‍ഹിയിലെ ഒരു ബുദ്ധിജീവിയാണ് തന്നെ ആ പരിപാടിയ്ക്ക് ക്ഷണിച്ചത്. ദല്‍ഹിയിലുള്ള അയാള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധത്തെക്കുറിച്ചോ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അന്‍സാരി പറഞ്ഞത്.


Also Read:സര്‍ഫാസി വിരുദ്ധ സമരനേതാക്കളായ പി.ജി മാനുവലും വി.സി ജെന്നിയും അറസ്റ്റില്‍; അറസ്റ്റ് പ്രീതാ ഷാജിയുടെ വീടിന്റെ ജപ്തി തടഞ്ഞതിന്റെ പേരില്‍


“ദല്‍ഹിയിലെ ആ ബുദ്ധിജീവിയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് എന്നു വിളിക്കപ്പെടുന്ന സംഘടനയുമായുള്ള ബന്ധം എനിക്ക് അറിയില്ലായിരുന്നു. എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. പ്രാദേശിക ഉദ്യോഗസ്ഥരോ ലോക്കല്‍ പൊലീസോ ഇതിനെക്കുറിച്ച് ഒന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല.” അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നടന്ന പരിപാടിയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് താന്‍ സംസാരിച്ചത്. ഇസ്‌ലാമിനെ സംബന്ധിച്ച് സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളതെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്‍ഹിയില്‍ തിരിച്ചെത്തിയതിനുശേഷം പിറ്റേദിവസത്തെ പത്രങ്ങളിലൂടെയാണ് പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മനസിലായതെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ആ സംഘടനയുടെ പ്രാദേശിക രാഷ്ട്രീയത്തെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയം എന്തായിരുന്നുവെന്നതിനെക്കുറിച്ചും എനിക്ക് അറിയില്ലായിരുന്നു. ആരും എന്നോട് പറഞ്ഞിട്ടില്ല. ” അദ്ദേഹം വ്യക്തമാക്കി.


Also Read:ഇന്ത്യയ്ക്ക് നയതന്ത്ര തിരിച്ചടി: പിടികിട്ടാപ്പുള്ളിയായ തീവ്രവാദിയെ പാകിസ്ഥാന് കൈമാറുമെന്ന് യു.എ.ഇ


എന്തെങ്കിലും വ്യക്തത വരുത്തേണ്ട കാര്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നമ്മളോട് പറയും എന്നതാണ് പൊതുവിലുള്ള രീതി. എന്നാല്‍ തന്നോട് സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.


Also Read:നജീബിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല; കേസ് അവസാനിപ്പിക്കാനൊരുങ്ങി സി.ബി.ഐ


2017 സെപ്റ്റംബറില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലാണ് ഹമീദ് അന്‍സാരി പങ്കെടുത്തത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസും പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വുമണ്‍സ് ഫ്രണ്ടും സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായായിരുന്നു അദ്ദേഹമെത്തിയത്. ഇതിനെതിരെ വി.എച്ച്.പി അടക്കമുള്ള സംഘടനകള്‍ ദേശീയ തലത്തില്‍ വലിയ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.