| Thursday, 27th June 2019, 8:51 pm

വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുടെ രാജിയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രതികരിക്കുന്നു

ജംഷീന മുല്ലപ്പാട്ട്

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുടെ രാജിയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു

പാര്‍ട്ടിയില്‍ നിന്നും പത്ത് പേര്‍ രാജിവെച്ചിട്ടില്ല. രണ്ട് പേര്‍ മാത്രമാണ് രാജിവെച്ചത്. രണ്ട് പേരെയും സസ്‌പെന്റ് ചെയ്തിട്ടുള്ളതാണ്. സംഘടനയിലെ അച്ചടക്കങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരില്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും അവരെ സസ്‌പെന്റ് ചെയ്തതാണ്. അജിത് കൊല്ലങ്കോട് അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി രാജിവെച്ചു. അദ്ദേഹം സ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ് രാജിവെച്ചത്. പ്രദീപിനെ വിഭാഗീയതാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് കൊണ്ട് സസ്‌പെന്റു ചെയ്തു. അയാള്‍ രാജിവെക്കുകയായിരുന്നു.

ജാതി വിരുദ്ധത എന്നത് പാര്‍ട്ടിയില്‍ നിന്നും പോകുമ്പോള്‍ പൊതുജനത്തിനിടയില്‍ ആക്‌സെസ് കിട്ടുന്നതിന് പറയാന്‍ പറ്റിയ ഒരു കാരണമാണ്. അത് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണു അവര്‍ പോയതെന്ന് ഞങ്ങള്‍ വെളിപ്പെടുത്തും. ഇപ്പോള്‍ ഞങ്ങള്‍ അത് വെളിപ്പെടുത്താന്‍ ഉദ്ധേശിക്കുന്നില്ല. കാരണം ഇവര്‍ ഒറ്റപ്പെട്ട വ്യക്തികളാണ്. ദളിത് എന്ന് പറയുന്നത് ഒരു സമൂഹമാണ്. എന്തൊക്കെ പറഞ്ഞാലും പാര്‍ട്ടി ദളിത് പ്രശ്‌നങ്ങള്‍ അറ്റെന്റ് ചെയ്യുകയും ദളിത് സമുദായത്തിലെ ഉത്തരവാദിത്തപ്പെട്ട ആക്ടിവിസ്റ്റുകള്‍ പാര്‍ട്ടിയുടെ വലിയ ചുമതലകള്‍ വഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. പുറത്തു പോകുന്നവര്‍ അവരെ സേഫ് ആക്കുന്ന തരത്തിലുള്ള വര്‍ത്തമാനങ്ങളാണ് പറയുക.

എട്ടു വര്‍ഷമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വര്‍ക്ക് പബ്ലിക്കില്‍ ഉള്ളതാണ്. വെല്‍ഫെയര്‍ പാര്‍ട്ടി കാര്യമായി അറ്റെന്റ് ചെയ്യുന്നതു ഭൂ പ്രശ്‌നങ്ങളാണ്. ജാതി വ്യവസ്ഥ കൊണ്ട് ഭൂമി നിഷേധിക്കപ്പെട്ട വിഭാഗങ്ങളുടെ ഭൂമി പ്രശ്‌നം, ആദിവാസി ഭൂ പ്രശ്‌നത്തെ അധിനിവേശം എന്ന രീതിയില്‍ അഡ്രസ് ചെയ്യുന്നുണ്ട്, കേരളത്തിലെ ഭൂരഹിതരുടെ പ്രശ്‌നം അഡ്രെസ്സ് ചെയ്യുന്നുണ്ട്. കേരളത്തില്‍ എവിടെയും ദളിത് പ്രശ്‌നങ്ങള്‍, അപരവല്‍കൃത സമൂഹം, ജാതി വിവേചനം അനുഭവിക്കുന്നവര്‍, നീതി നിഷേധിക്കപ്പെട്ടവര്‍, തുടങ്ങിയവരുടെ പക്ഷത്തു നില്‍ക്കുന്ന രാഷ്ട്രീയമാണ് ഞങ്ങളുടേത്. ഞങ്ങളുടേത് സെക്കുലര്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയാണ്. ഈ പാര്‍ട്ടിക്കകത്ത് സാമുദായിക വിഭാഗീയത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടതുകൊണ്ടാണ് അവരെ സസ്‌പെന്റു ചെയ്തത്. അതില്‍ ഒരുപാട് ആളുകളുണ്ട് എന്ന് പറയുന്നത് വെറുതെ പ്രചരിപ്പിക്കുന്നതാണ്.

ദളിതരായതിനാല്‍ ആക്രമിക്കപ്പെട്ടു, മുസ്ലിം ആയതിനാല്‍ ആക്രമിക്കപ്പപ്പെട്ടു, സ്ത്രീ ആയതിനാല്‍ ആക്രമിക്കപ്പെട്ടു, ആദിവാസി ആയതിനാല്‍ ആക്രമിക്കപ്പെട്ടു , ഇത്തരത്തിലുള്ള കാര്യങ്ങളെ പാര്‍ട്ടി അക്കൊമഡേറ്റ് ചെയ്യും. പാര്‍ട്ടിയുടെ നയ രേഖയില്‍ അതുണ്ട്. ആക്രമിക്കപ്പെടുന്നതിന്റെ കാരണങ്ങളുടെ പരിഹാരം എന്ന് പറയുന്നത് രാഷ്ട്രീയമായിരിക്കണം. അതായത് ഇന്ത്യന്‍ ഭരണഘടന വെച്ചുകൊണ്ടും സാമൂഹിക നീതി വെച്ചുകൊണ്ടും ഇതിനെ രാഷ്ട്രീയമായാണ് അഡ്രസ് ചെയ്യേണ്ടത്.

നടപടി എടുക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സംബന്ധിച്ച് അതിനെ സാമുദായികമായി പ്രതിരോധിക്കുക എന്ന രീതി സ്വീകരിച്ചാല്‍ അത് സെക്കുലര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗീകരിക്കില്ല. നമ്മുടേത് പ്രയാസം അനുഭവിക്കുന്ന ഏതൊക്കെ സമൂഹമുണ്ടോ സ്വത്വ വിഭാഗമുണ്ടോ അവരുടെ പ്രശ്‌നങ്ങളെ അറ്റന്റ് ചെയ്യുക എന്നുള്ളതാണ് അതിനുള്ള പരിഹാരം ഒരിക്കലും സാമുദായികമോ വര്‍ഗീയമോ ആകാന്‍ പാടില്ല.

അങ്ങനെ പോകുന്നവര്‍ അങ്ങനെ പോകും. അത് വലിയ പ്രശ്‌നമായിട്ടു ഞങ്ങള്‍ക്ക് തോന്നുന്നില്ല. പോകുന്നവര്‍ പോകും. പാര്‍ട്ടിയില്‍ ഒരുപാട് ദളിതര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ രാഷ്ട്രീയം വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദളിത് പ്രശ്‌നങ്ങള്‍ പാര്‍ട്ടി അറ്റെന്റ് ചെയ്യുന്നുണ്ട്. അതിന്റെ ന്യായം, അവകാശം നിഷേധിക്കപ്പെടുന്നു എന്നുള്ളത് കൊണ്ടാണ്.

ആക്രമിക്കപ്പെടുമ്പോള്‍ ജാതി പറയരുത് എന്ന തത്വം ഞങ്ങള്‍ക്ക് ഇല്ല. അക്രമിക്കുന്നവനും അക്രമിക്കപ്പെടുന്നവനും ജാതിയുള്ളത് കൊണ്ടാണല്ലോ ആക്രമിക്കപ്പെട്ടത്. മുസ്‌ലീങ്ങള്‍ മുസ്‌ലീങ്ങളായി ആയി സംഘടിക്കുക ദളിതര്‍ ദളിതരായി സംഘടിക്കുക എന്ന ആ രാഷ്ട്രീയത്തോട് വെല്‍ഫെയര്‍ പാര്‍ട്ടി എതിരാണ്. അതിനെ കുറിച്ച് പാര്‍ട്ടി പറയുന്നത് പ്രശ്‌ന പരിഹാരം രാഷ്ട്രീയപരമായി ആയിരിക്കണം എന്നാണ്. അതില്‍ ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു തന്നെ മുന്നോട്ടു പോകാന്‍ പറ്റും എന്നതാണ്. സ്വത്വ രാഷ്ട്രീയത്തിന്റെ പ്രശ്‌നം അതാതു സമൂഹം അവര്‍ തന്നെ ഒരു സമൂഹമായി നിന്നുകൊണ്ട് , വേറെ ആരും അവരുടെ വിമോചനത്തിനു വേണ്ടിയോ അവരുടെ രക്ഷയ്ക്ക് വേണ്ടിയേ ചെല്ലേണ്ടതില്ല എന്നാണ്. അത് കൃത്യമായും സാമുദായികമാകും.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more