തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫിന്റെ മെമ്പർഷിപ്പ് ഡാറ്റകൾ ചോർത്തി ഇടത് സ്ഥാനാർത്ഥിക്ക് പ്രചരണം നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് സംഘടനയുടെ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. എസ്.കെ.എസ്.എസ്.എഫിന്റെ മെമ്പർഷിപ്പ് ഡാറ്റകൾ ചോർന്നുവെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രചാരണം വാസ്തവ വിരുദ്ധവും സംഘടനയെ സമൂഹമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാനുള്ള ചിലരുടെ ശ്രമത്തിൻ്റെ ഭാഗമാണ് പ്രചരണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സംഘടനയിൽ അംഗത്വമെടുത്തവരുടെ വിവരങ്ങൾ സംഘടനാ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാറുള്ളൂ. അതിൻ്റെ സ്വകാര്യത സൂക്ഷിച്ചു കൊണ്ടാണ് അത് കൈകാര്യം ചെയ്തിട്ടുള്ളത്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഇത്തരം കാര്യങ്ങൾ വലിച്ചിഴച്ച് സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അതിനെ നിയമപരമായി നേരിടും,‘ഹമീദ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫിന്റെ മെമ്പര്‍ഷിപ്പ് എടുക്കുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്കും യൂണിറ്റ് പ്രവര്‍ത്തകരുടെ നമ്പറുകളിലേക്കും സമസ്തയുടെതെന്ന പേരില്‍ സി.പി.ഐമ്മിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ വന്നെന്നാണ് ആരോപണം. സമസ്‌തെക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളാണ് ഇതെന്നാണ് എസ്.കെ.എസ്.എസ്.എഫ് വാര്‍ത്തയോട് പ്രതികരിച്ചത്.
Content Highlight: hameed ali thangal about SKSSF data spread for the leftist candidate