ഇസ്രഈലി തടവുകാരെ വിട്ടയക്കണമെങ്കില്‍ ഞങ്ങളുടെ വ്യവസ്ഥകള്‍ പാലിക്കണം: ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി
World News
ഇസ്രഈലി തടവുകാരെ വിട്ടയക്കണമെങ്കില്‍ ഞങ്ങളുടെ വ്യവസ്ഥകള്‍ പാലിക്കണം: ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2024, 9:55 pm

ജെറുസലേം: ഗസയില്‍ തടവിലാക്കപ്പെട്ട ഇസ്രഈലി തടവുകാരെ വിട്ടയക്കണമെങ്കില്‍ തങ്ങളുടെ വ്യവസ്ഥകള്‍ ഇസ്രഈല്‍ ഭരണകൂടം പാലിക്കണമെന്ന് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മായില്‍ ഹനിയേ. ഇതുസംബന്ധിച്ച നിലപാടുകള്‍ ഹമാസും ഇസ്‌ലാമിക് ജിഹാദും ഈജിപ്തിനോട് വ്യക്തമാക്കിയതായി ലെബനനിലെ വാര്‍ത്താ ചാനലായ അല്‍ മയാദീന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനിലെ സായുധ സംഘടനയായ ഹമാസിന്റെ ചെറുത്തുനില്‍പ്പ് വിജയത്തോട് അടുത്തുവെന്നും തങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരും വളരെ ആവേശത്തിലാണെന്നും ഹനിയേ പറഞ്ഞു. എന്നാല്‍ ഇസ്രഈല്‍ സൈന്യം പ്രകൃതമായതും വിവേചനപരമായും നടത്തിയ ആക്രമണങ്ങളില്‍ ഗസ ഒറ്റപ്പെട്ടുവെന്നും ഫലസ്തീനികളെ ലോകം ഒറ്റപ്പെടുത്തിയെന്നും ഹനിയേ ചൂണ്ടിക്കാട്ടി.

ഈജിപ്തുമായുള്ള ചര്‍ച്ചയില്‍ ഇസ്രഈല്‍ ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കൂടാതെ ഫലസ്തീനിലെ നഗരങ്ങളില്‍ നിന്ന് ഇസ്രഈലി സേനകളെ പിന്‍വലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളായി ആക്രമണങ്ങള്‍ അവസാനിപ്പിക്കാമെന്ന ആശയമാണ് ഹമാസ് മുന്നോട്ട് വെച്ചിരുന്നത്.

അതേസമയം ബന്ദി കൈമാറ്റത്തിന് ഹമാസ് മുന്നോട്ട് വെച്ച നിര്‍ദേശം ഇസ്രഈല്‍ തള്ളിയതായി ആക്‌സിയോസിന്റെ റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ നിര്‍ദേശം ഇസ്രഈല്‍ യുദ്ധ ക്യാബിനറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും അംഗീകരിക്കാനാകില്ലെന്ന് കണ്ട് തള്ളുകയായിരുന്നു.

ഇസ്രഈലിനെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ വംശഹത്യ ആരോപണങ്ങള്‍ക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാകുമെന്ന് ഇസ്രഈല്‍ വക്താവ് അറിയിച്ചു. ഇസ്രഈലികള്‍ക്കെതിരായ ഹമാസിന്റെ കുറ്റകൃത്യങ്ങളില്‍ ദക്ഷിണാഫ്രിക്ക പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 207 ഫലസ്തീനികളെ ഇസ്രഈല്‍ കൊലപ്പെടുത്തിയതായും സൈന്യത്തിന്റെ ആക്രമണങ്ങളില്‍ 338 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ മാത്രമായി കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 22,185 ആണ്. 57,000 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Hamas wants to meet our conditions if it wants to release Israeli prisoners