'ഹമാസിന് ആയുധങ്ങൾ കൈമാറുന്നത് ഉത്തര കൊറിയ'; കൈയിൽ തെളിവുകളുണ്ടെന്ന് ദക്ഷിണ കൊറിയ
World News
'ഹമാസിന് ആയുധങ്ങൾ കൈമാറുന്നത് ഉത്തര കൊറിയ'; കൈയിൽ തെളിവുകളുണ്ടെന്ന് ദക്ഷിണ കൊറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th January 2024, 10:33 am

സിയോൾ: ഹമാസിന് ആയുധങ്ങൾ കൈമാറുന്നത് ഉത്തര കൊറിയയാണെന്ന് ആരോപണവുമായി ദക്ഷിണ കൊറിയ. എന്നാൽ ഇതിന് തെളിവുകൾ ലഭ്യമാക്കുന്നത് പ്രയാസകരമാണെന്നും ദക്ഷിണ കൊറിയ അറിയിച്ചു.

നേരത്തെ യു.എസും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു, എന്നാൽ ഇത് ഉത്തരകൊറിയ നിഷേധിച്ചു.

ഇസ്രഈലിനെതിരായ യുദ്ധത്തിൽ ഹമാസ് ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ഉത്തര കൊറിയൻ നിർമിത എഫ്-7 റോക്കറ്റ് ഗ്രനേഡിന്റെ ഫോട്ടോ ദക്ഷിണ കൊറിയയുടെ പ്രധാന ചാര സംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻ.ഐ.എസ്) പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ആഴ്ച യു.എസ് സ്റ്റേറ്റ് വാർത്താ ഔട്ട്‌ലെറ്റ് വോയ്‌സ് ഓഫ് അമേരിക്ക പുറത്തുവിട്ട എഫ്-7ന്റെ ചിത്രം യഥാർത്ഥമാണെന്നാണ് എൻ.ഐ.എസിന്റെ വാദം.

അതേസമയം റോക്കറ്റ് എങ്ങനെയാണ് ഗസയിലെത്തിയത് എന്നതിന് എൻ.ഐ.എസ് വിശദീകരണം നൽകിയിട്ടില്ല. ഹമാസിനും മറ്റ് സംഘടനകൾക്കും ഉത്തര കൊറിയ ആയുധം വിതരണം ചെയ്യുന്നതിന്റെ തോതും സമയവും സംബന്ധിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് ഏജൻസിയുടെ അവകാശവാദം.

വിവരം ലഭിച്ച വൃത്തങ്ങളുടെ സുരക്ഷയും നയതന്ത്ര ബന്ധങ്ങളും പരിഗണിച്ച് ഇപ്പോൾ തെളിവുകൾ പുറത്തുവിടാൻ കഴിയില്ല എന്നാണ് ദക്ഷിണ കൊറിയ പറയുന്നത്.

ഒക്ടോബർ ഏഴിന് ഇസ്രഈലിനെതിരെ ഹമാസ് തിരിച്ചടിച്ച് ദിവസങ്ങൾക്കകം തന്നെ ഉത്തര കൊറിയൻ ആയുധങ്ങളാണ് ഹമാസ് ഉപയോഗിക്കുന്നുവെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും ഇസ്രഈലും പാശ്ചാത്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഉത്തര കൊറിയ അറിയിച്ചു. അമേരിക്കയുടെ ഏകാധിപത്യ നയം മൂലമുണ്ടായ പശ്ചിമേഷ്യയിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്തം മറച്ചുപിടിക്കാൻ യു.എസ് മാധ്യമങ്ങൾ തെറ്റായ പ്രചരണങ്ങൾ നടത്തുകയാണെന്ന് ഉത്തര കൊറിയയുടെ കെ.സി.എൻ.എ വാർത്താ ഏജൻസി ആരോപിച്ചിരുന്നു.

ഉക്രൈനുമായുള്ള യുദ്ധത്തിന് റഷ്യക്ക് ആയുധം നൽകിയെന്നും ഉത്തര കൊറിയക്കെതിരെ ആരോപണം ഉയർന്നിരുന്നു.

Content Highlight: Hamas using North Korean weapons – Seoul