| Friday, 8th December 2017, 8:34 am

ജറുസലേം; അമേരിക്കയുടേത് യുദ്ധ പ്രഖ്യാപനമാണെന്ന് ഹമാസ്; 'ഇന്‍തിഫാദ'യ്ക്ക് ആഹ്വാനം

എഡിറ്റര്‍

ഗാസ: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിലൂടെ അമേരിക്ക പലസ്തീന്‍ ജനതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ. അമേരിക്കയുടെ തീരുമാനം ഓസ്‌ലോ കരാര്‍ ലംഘനമാണെന്നും പലസ്തീന്‍-ഇസ്രായേല്‍ സമാധാന ശ്രമങ്ങളെ തകര്‍ത്തെന്നും ഇസ്മയില്‍ ഹനിയ്യ പറഞ്ഞു.

സയണിസ്റ്റ് ശത്രുക്കള്‍ക്കെതിരെ “ഇന്‍തിഫാദ”യ്ക്ക് (mass uprising) ആഹ്വാനം ചെയ്യുന്നതായും ഇസ്മയില്‍ ഹനിയ്യ പറഞ്ഞു. ഗാസ സിറ്റിയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പലസ്തീന്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ ഇസ്മയില്‍ ഹനിയ്യ. പലസ്തീന്‍ ഭൂമിയില്‍ അമേരിക്കന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെതിരെ എല്ലാ കക്ഷികളും ഒന്നാകണമെന്നും ഹനിയ്യ പറഞ്ഞു.

അമേരിക്കന്‍ തീരുമാനത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ഹമാസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹനിയ്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വെസ്റ്റ്ബാങ്ക്, റാമല്ല, ഹീബ്രോണ്‍, നബ്‌ലസ്, ഗാസ എന്നിവിടങ്ങളില്‍ പലസ്തീന്‍ ജനങ്ങള്‍ പ്രതിഷേധിച്ചു.

അമേരിക്കന്‍ തീരുമാനത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. അമേരിക്കയുടെ തീരുമാനത്തില്‍ ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നു. പലസ്തീന്‍ തലസ്ഥാനവും ജറുസലം ആക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ച പ്രസിഡന്റ് ട്രംപ് ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചത്. യു.എസ് എംബസി തെല്‍ അവീവിലേക്ക് മാറ്റുമെന്നും അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more