ഗസയിലെ വെടിനിർത്തലിനുള്ള യു.എൻ പ്രമേയം; അംഗീകരിച്ച് ഹമാസും ഇസ്രഈലും
Worldnews
ഗസയിലെ വെടിനിർത്തലിനുള്ള യു.എൻ പ്രമേയം; അംഗീകരിച്ച് ഹമാസും ഇസ്രഈലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2024, 10:54 am

വാഷിങ്ടൺ: ഗസയിൽ വെടിനിർത്തലിനായി യു.എൻ സെക്യൂരിറ്റി കൗൺസിൽ പിന്തുണച്ച പ്രമേയം അംഗീകരിച്ച് ഹമാസ്. യു.എസ് മുന്നോട്ടുവെച്ച പ്രമേയത്തെ യു.എൻ സെക്യൂരിറ്റി കൗൺസിൽ പിന്തുണക്കുകയായിരുന്നു.   പ്രമേയത്തിന് അനുകൂലമായി 14 വോട്ടുകൾ ലഭിക്കുകയും വാഷിങ്ടൺ പ്രമേയത്തിന്റെ ഡ്രാഫ്റ്റ് അന്തിമമായി തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഈ പ്രമേയത്തെ റഷ്യ പിന്തുണച്ചില്ല.

ഗസയിലെ സമ്പൂർണ്ണ വെടിനിർത്തൽ , ഇസ്രഈൽ സൈന്യത്തിന്റെ പൂർണ്ണമായുള്ള പിന്മാറ്റം, ബന്ദികളെ മോചിപ്പിക്കൽ , ഗസയുടെ പുനർനിർമാണം തുടങ്ങിയവ ഉൾപ്പെടുന്ന പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു.

‘ഗസയിലെ സമ്പൂർണ്ണ വെടിനിർത്തലും ഇസ്രഈൽ സൈന്യത്തിന്റെ പൂർണ്ണമായ പിന്മാറ്റവും ഗസയുടെ പുനർനിർമാണവും ഉൾപ്പെടുന്ന യു.എന്നിന്റെ പ്രമേയത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബന്ദികളെ കൈമാറ്റം ചെയ്യാനും ഞങ്ങൾക്ക് സമ്മതമാണ്. ഈ പ്രമേയം സ്വാഗതാർഹമാണ്,’ ഹമാസ് നേതാക്കൾ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഇസ്രഈലുമായി മധ്യസ്ഥരുടെ നേതൃത്വത്തിൽ കൂടിക്കാഴ്ചകൾ നടത്താനും തങ്ങൾ തയ്യാറാണെന്ന് ഹമാസ് കൂട്ടിച്ചേർത്തു.
യു.എൻ മുന്നോട്ട് വെച്ച വെടിനിർത്തൽ പ്രമേയത്തെ ഇസ്രഈൽ ആദ്യമേ തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാൻ കരുതുന്ന വെടിനിർത്തൽ പ്രമേയത്തെ ഇസ്രഈൽ പിന്തുണക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

അധികം കാലതാമസമില്ലാതെ തന്നെ വെടിനിർത്തൽ കരാർ നടപ്പിലാക്കാനാണ് യു.എൻ ശ്രമിക്കുന്നത്. അത് തന്നെയാവും ഇരു രാജ്യങ്ങൾക്കും ഗുണകരമെന്നും യു.എൻ വ്യക്തമാക്കി.

പ്രമേയത്തിലെ ഒന്നാമത്തെ ഘട്ടത്തിന്റെ കാലാവധി ആറ് ആഴ്ചയാണ് . ഈ കാലാവധിയിൽ വെടിനിർത്തൽ താത്കാലികമായി നിർത്തിവെക്കും. ഈ കാലയളവിൽ ഇസ്രഈലും ഹമാസ് നേതാക്കളും തമ്മിൽ ചർച്ചകൾ നടക്കും. ചർച്ചകൾ ആറ് ആഴ്ചയിൽ കൂടുതൽ നീണ്ടാൽ വെടിനിർത്തലും അത് വരെ നിർത്തിവെക്കുന്നതാണ്.

ഒപ്പം ഗസയിലെ ജനസാന്ദ്രത കൂടിയ ഇടങ്ങളിൽ നിന്ന് ഇസ്രഈൽ, സൈന്യത്തെ പിൻവലിക്കുകയും ഫലസ്തീൻ ബന്ദികളെ മോചിപ്പിക്കുകയും ചെയ്യണം. ഇതിന് പകരമായി ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന ഇസ്രഈലി പൗരന്മാരെ മോചിപ്പിക്കണം എന്നും പ്രമേയത്തിൽ പറയുന്നു.

 

രണ്ടാം ഘട്ടത്തിൽ എല്ലാ ബന്ദികളെയും ഇരു കൂട്ടരും മോചിപ്പിക്കണം. മൂന്നാം ഘട്ടത്തിൽ ഇരു വിഭാഗങ്ങളിലുമുള്ള മരണപ്പെട്ട ബന്ദികളുടെ മൃതശരീരങ്ങൾ കൈമാറുന്നതും ഫലസ്തീൻ പുനർനിർമാണവും ഉൾപ്പെടുന്നു.

 

Content Highlight: Hamas supports UN resolution for Gaza ceasefire