| Sunday, 19th May 2024, 5:28 pm

ഇസ്രഈല്‍ സൈനികരുടെ ജീവന് യാതൊരു വിലയുമില്ല; നെതന്യാഹുവിന് സ്വന്തം താത്പര്യങ്ങള്‍ മാത്രം: ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വിമര്‍ശനവുമായി ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ്. നെതന്യാഹു ഇസ്രഈല്‍ സൈനികരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് ഹമാസ് പറഞ്ഞു.

സ്വന്തം താത്പര്യങ്ങളെ മാത്രം മുന്‍നിര്‍ത്തിയാണ് നെതന്യാഹു ഗസയില്‍ യുദ്ധം നടത്തുന്നതെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

മനഃപൂര്‍വമാണ് ഇസ്രഈല്‍ സൈന്യം ഫലസ്തീനികളെ കൊലപ്പെടുത്തുന്നത്. എന്നാല്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരെ കണ്ടെത്താനെന്ന വ്യാജേന ഗസയില്‍ തിരച്ചില്‍ നടത്തുന്ന നെതന്യാഹു സര്‍ക്കാര്‍, ഇസ്രഈല്‍ സൈന്യത്തിന്റെ മരണസംഖ്യ വര്‍ധിപ്പിക്കുകയെണെന്നും ഹമാസ് പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ 70 ശതമാനം ഇസ്രഈലി തടവുകാരും കൊല്ലപ്പെട്ടതായി ഹമാസ് സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സിന്റെ വക്താവ് അബു ഒബൈദ പറഞ്ഞു.

ഫലസ്തീനില്‍ അവശേഷിക്കുന്ന ഇസ്രഈലി തടവുകാരെ ബലപ്രയോഗത്തിലൂടെ വീണ്ടെടുക്കാനും ബോംബെറിഞ്ഞ് കൊലപ്പെടുത്താനുമാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യുറോ ഡെപ്യൂട്ടി ചീഫ് ഖലീല്‍ അല്‍ ഹയ്യ ചൂണ്ടിക്കാട്ടി.

ലെബനനിലെ അല്‍ മനാര്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസം ഗസയില്‍ നിന്ന് പിന്‍വാങ്ങാനും റഫക്കെതിരായ സൈനിക ആക്രമണം അവസാനിപ്പിക്കാനും ഉത്തരവിടണമെന്ന ദക്ഷിണാഫ്രിക്കയുടെ അഭ്യര്‍ത്ഥന അംഗീകരിക്കരുതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രഈല്‍ ആവശ്യപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കയുടെ കേസ് വസ്തുതാരഹിതമാണെന്നും വംശഹഹത്യാ ആരോപണങ്ങള്‍ ഉന്നയിച്ച് പരിഹസിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ഇസ്രഈല്‍ പ്രതിനിധികള്‍ കോടതിയില്‍ പറഞ്ഞത്.

ഹമാസിന്റെ ഒരു പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബന്ദികളെ മോചിപ്പിക്കാനോ സാധാരണക്കാരുടെ സംരക്ഷണത്തിനോ വേണ്ടി ദക്ഷിണാഫ്രിക്ക വാദിച്ചില്ലെന്നും ഇസ്രഈല്‍ ആരോപിച്ചിരുന്നു.

പകരം ഇസ്രഈലിനെതിരെ പ്രചരണം നടത്തുകയാണ് ദക്ഷിണാഫ്രിക്ക ചെയ്യുന്നതെന്നായിരുന്നു ഇസ്രഈലിന്റെ വാദം.

Content Highlight: Hamas says Netanyahu does not value the lives of Israeli soldiers

We use cookies to give you the best possible experience. Learn more