സയണിസ്റ്റ് ഭരണകൂടം എല്ലാ രീതിയിലും തകര്‍ന്നടിഞ്ഞു; നികൃഷ്ടമായ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രഈല്‍ നേതൃത്വം നല്‍കുന്നുവെന്ന് ഹമാസ്
World News
സയണിസ്റ്റ് ഭരണകൂടം എല്ലാ രീതിയിലും തകര്‍ന്നടിഞ്ഞു; നികൃഷ്ടമായ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രഈല്‍ നേതൃത്വം നല്‍കുന്നുവെന്ന് ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st January 2024, 9:53 pm

ജെറുസലേം: ഗസയില്‍ മനുഷ്യ രാശിക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് ഇസ്രഈല്‍ ഭരണകൂടം എല്ലാ രീതിയിലും തകര്‍ന്നടിയുകയാണെന്ന് ഹമാസ്. നികൃഷ്ടമായ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സയണിസ്റ്റ് ഭരണകൂടം മാനവികതക്കെതിരായാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗമായ ഗാസി ഹമദ് പറഞ്ഞു.

ഗസയിലെ ആഭ്യന്തര, സാമൂഹിക, സൈനിക, രാഷ്ട്രീയ തലങ്ങളില്‍ അധിനിവേശം നടത്തിയതിനാലും യുദ്ധക്കുറ്റങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിനാലും ഇസ്രഈല്‍ സര്‍ക്കാര്‍ ഇപ്പോള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ എത്തിനില്‍ക്കുന്നുവെന്നും ഗാസി ഹമദ് വിമര്‍ശിച്ചു.

ഫലസ്തീനികളുടെ മേല്‍ ഒരു രാഷ്ട്രീയ പരിഹാരം അടിച്ചേല്‍പ്പിക്കാനാണ് ഇസ്രഈല്‍ ലക്ഷ്യമിടുന്നതെന്നും എന്നാല്‍ അതിനെ ശക്തമായി പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഹമാസിന് അറിയാമെന്നും ഹമദ് വ്യക്തമാക്കി.

ഇസ്രഈലിന്റെ നീക്കങ്ങളെ പിന്തുടരുന്നവര്‍ക്ക് ഭരണകൂടത്തിന്റെ തലവന്മാര്‍ക്കിടയില്‍ തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നതായി കാണാന്‍ കഴിയുമെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

ഇസ്രഈലിന്റെ നടപടികള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെയും ക്രിമിനല്‍ കോടതിയെയും സമീപിക്കുന്നത് സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരത തുറന്നുകാണിക്കുന്നുവെന്ന് ഹമാസ് മേധാവി പറഞ്ഞു. ദക്ഷിണാഫ്രിക്ക മുന്‍കൈ എടുത്ത് ഇസ്രഈലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത നീക്കത്തെ ഹമാസ് പൂര്‍ണമായും സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 25,105 ആയി വര്‍ധിച്ചുവെന്നും 62,681 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 178 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 293 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Hamas Says Israel Leads Heinous Crimes