ഗസ: ഇസ്രഈലുമായി ഉടമ്പടികൾ ഉണ്ടാക്കുന്നതിന് തൊട്ടടുത്താണ് തങ്ങളെന്നും ഫലസ്തീൻ പ്രതിരോധത്തിന്റെ നിബന്ധനകൾ പ്രകാരം വേണം വെടിനിർത്തലെന്നും ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ.
ഇസ്രഈലി ഭരണകൂടത്തിനും ഹമാസിനുമിടയിൽ ഇടനില നിൽക്കുന്ന ഖത്തറിനെ തങ്ങളുടെ നിലപാടുകൾ അറിയിച്ചതായും ഹമാസ് പറഞ്ഞു.
ഉടമ്പടിയുടെ വിശദാംശങ്ങൾ വരുന്ന മണിക്കൂറുകളിൽ ഖത്തറും ഈജിപ്‌തും പുറത്തുവിടുമെന്ന് ഹമാസ് ഉദ്യോഗസ്ഥനായ ഇസത് അൽ റിഷ്ക് അൽ ജസീറയോട് പറഞ്ഞു.
ഉടമ്പടി നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാകുമെന്നും ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി മാനുഷിക സഹായങ്ങൾ ഗസയിൽ എത്തിച്ചേരുമെന്നും ഇസത് അൽ റിഷ്ക് പറഞ്ഞു.
അതേസമയം ഇസ്രഈൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹുവാണ് വെടിനിർത്തൽ ചർച്ചകൾ തടയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഫോൺ കോൾ മുഖാന്തരം ഗസയിലെ മുഴുവൻ പ്രതിരോധ സംഘങ്ങളും ഉടമ്പടി അംഗീകരിച്ചുവെന്നും യുദ്ധഭൂമിയിലായാലും രാഷ്ട്രീയ തീരുമാനം കൈകൊള്ളുന്നതിലായാലും അവർ ഒരുമിച്ച് നിൽക്കുമെന്നും ഇസത് അൽ റിഷ്ക് അറിയിച്ചു.
ഹമാസ് ബന്ദികളാക്കിയ 50 മുതൽ 100 വരെ ഇസ്രഈലികളെ വിട്ടയക്കുന്നതിന് പകരമായി അഞ്ച് ദിവസത്തെ വെടിനിർത്തലും വടക്കൻ ഗസയിലെ വ്യോമാക്രമണങ്ങൾ നിയന്ത്രിക്കുന്നതുമാണ് ഉടമ്പടിയിൽ ഉൾപ്പെടുന്നതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തിരുന്നു.
ഉടമ്പടി പ്രകാരം സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇസ്രഈലി ജയിലുകളിൽ കഴിയുന്ന 300 ഫലസ്തീനികളെയും മോചിപ്പിക്കുമെന്നാണ് വിവരം.
Content Highlight: Hamas says any ‘truce deal’ must be on terms of Palestinian resistance