ഹനിയയയുടെ കൊലപാതകത്തില്‍ മറുപടി കിട്ടാതെ പോകില്ല; ഇസ്രഈലിനെതിരെ കൈചൂണ്ടി ഹമാസ്
World News
ഹനിയയയുടെ കൊലപാതകത്തില്‍ മറുപടി കിട്ടാതെ പോകില്ല; ഇസ്രഈലിനെതിരെ കൈചൂണ്ടി ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 11:47 am

ഗസ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടതില്‍ ഇസ്രഈലിന് താക്കീത്. ഹമാസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മൂസ അബു മര്‍സൂഖാണ് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയത്. ഹനിയ്ക്ക് നേരെയുള്ള ആക്രമണം ഭീരുത്വമാണെന്ന് മര്‍സൂഖ് പറഞ്ഞു. ഈ ആക്രമണത്തില്‍ മറുപടി കിട്ടാതെ പോകില്ലെന്നും അദ്ദേഹം അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചവരായി കണക്കാക്കരുതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയോടും ലോകത്തെ മുഴുവന്‍ സ്വതന്ത്ര രാജ്യങ്ങളിലെ ജനങ്ങളോടും ഹമാസ് അനുശോചനം രേഖപ്പെടുത്തുന്നു. സയണിസ്റ്റ് വഞ്ചനയിലൂടെയാണ് അദ്ദേഹം മരണപ്പെട്ടതെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഹനിയ കൊല്ലപ്പെട്ടതില്‍ പ്രതികരിച്ച് ഇസ്രഈല്‍ സാംസ്‌കാരിക മന്ത്രി അമിച്ചായ് എലിയാഹു രംഗത്തെത്തി. ഹമാസിന്റെ മരണം ലോകത്തെ കുറച്ചുകൂടി മികച്ചതാകുമെന്നായിരുന്നു എലിയാഹുവിന്റെ പ്രതികരണം. ഈ മനുഷ്യരോട് യാതൊരു കരുണയുമില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. യെമനിലെ ഹൂത്തി വിമതസംഘവും ഹനിയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഹമാസിനെതിരായ ശക്തമായ നടപടി സമാധാനം കൊണ്ടുവരുമെന്നും അത് ലോകത്തിന് ആശ്വാസം നല്‍കുമെന്നും അമിച്ചായ് എലിയാഹു പറഞ്ഞു. ഈ നടപടിയിലൂടെ സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ലക്ഷ്യബോധം വര്‍ധിക്കുമെന്നും എലിയാഹു കൂട്ടിച്ചേര്‍ത്തു.

ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഹനിയക്ക് പുറമെ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

2023 ഒക്ടോബര്‍ 9 മുതല്‍ ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈലി സൈന്യം നടത്തുന്ന ആക്രമണങ്ങളെ ഹനിയയുടെ നേതൃത്വത്തിലാണ് ഹമാസ് പ്രതിരോധിച്ചത്. 2017ലാണ് ഹനിയ ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനാകുന്നത്.

Content Highlight: Hamas’s warning to Israel over Ismail Haniya’s death