ഗസ: ഗസയിലെ സംഘർഷത്തിന്റെ നൂറാം ദിനത്തിൽ ബന്ദികളാക്കിയ ഇസ്രഈലികളുടെ വീഡിയോ പങ്കുവെച്ച് ഹമാസ്.
സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച 37 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ നോവ അർഗമാനി, യോസി ഷറാബി, ഇറ്റലി സ്വിർസ്കി എന്നീ ഇസ്രഈലികൾ ബന്ദികൾ തങ്ങളുടെ മോചനം നടപ്പിലാക്കാൻ ഇസ്രഈലി ഭരണകൂടത്തോട് ആവശ്യപ്പെടുന്നു.
അറബിക്, ഹീബ്രൂ, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയ രണ്ട് വാചകങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
‘ഇവരുടെ വിധി എന്താകുമെന്ന് ഞങ്ങൾ നാളെ നിങ്ങളെ അറിയിക്കും,’ ‘നിങ്ങളുടെ സർക്കാർ കള്ളം പറയുകയാണ്’ എന്നീ വാചകങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ഒക്ടോബർ ഏഴിന് ഇസ്രഈലിലെ സൂപ്പർനോവ സംഗീതോത്സവത്തിൽ വെച്ച് 26കാരിയായ നോവ അർഗമാനിയെ തട്ടിക്കൊണ്ടുപോയതിന്റെ വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നത്.
ഗസയുമായി അതിർത്തി പങ്കിടുന്ന ഇസ്രഈലിന്റെ കിഴക്ക് ഭാഗത്ത് നിന്നാണ് ഷറാബിയെയും സ്വിർസ്കിയെയും തട്ടിക്കൊണ്ടുപോയത്.
നവംബറിൽ ഒരാഴ്ച നീണ്ട വേടിനിർത്തൽ ഉടമ്പടിയുടെ ഭാഗമായി നൂറോളം ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇസ്രഈലി സർക്കാരിന്റെ കണക്കുകൾ പ്രകാരം 132 ബന്ദികളാണ് ഇനി മോചിപ്പിക്കപ്പെടാനുള്ളത്. 25 പേർ കൊല്ലപ്പെട്ടതായും ഇസ്രഈൽ പറയുന്നു.
ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ബന്ദികളും കൊല്ലപ്പെട്ടുവെന്ന് ഹമാസ് അറിയിച്ചിരുന്നു. അബദ്ധം സംഭവിച്ചതായി ഇസ്രഈൽ ഭരണകൂടവും സമ്മതിച്ചിരുന്നു.
ഗസയിൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിലൂടെ ഇസ്രഈലി ബന്ദികളുടെ ജീവൻ അപകടത്തിൽ ആക്കുകയാണ് ഇസ്രഈൽ സൈന്യമെന്ന് ഹമാസ് വക്താവ് അബു ഉബൈദ മുന്നറിയിപ്പ് നൽകി.
അതേസമയം ഗസയിൽ നിന്ന് ഹമാസിനെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാട് നെതന്യാഹു വീണ്ടും ആവർത്തിച്ചു.
ഗസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 23,938 പേരാണ് ഗസയിലെ ഇസ്രഈലി ആക്രമണത്തിൽ കഴിഞ്ഞ 100 ദിവസത്തിനിടയിൽ കൊല്ലപ്പെട്ടത്.
Content Highlight: Hamas releases new video of Israeli hostages