'ശാലോം' പറഞ്ഞു മടക്കയാത്ര; രണ്ട് ഇസ്രഈലി ബന്ദികളെ മോചിപ്പിച്ച് ഹമാസ്
World News
'ശാലോം' പറഞ്ഞു മടക്കയാത്ര; രണ്ട് ഇസ്രഈലി ബന്ദികളെ മോചിപ്പിച്ച് ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2023, 12:41 pm

ടെല്‍ അവീവ്: ഹമാസ് രണ്ട് വൃദ്ധരായ സ്ത്രീകളെ മോചിപ്പിച്ചു. ബന്ദികളെ മോചിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹമാസിന്റെ ഖസാം ബ്രിഗേഡ്‌സ് ബന്ദികളാക്കിയ നൂറിത് കൂപ്പറിനെയും യോചേവെത് ലീഫ്ഷീറ്റ്‌സിനെയും റെഡ് ക്രോസിന് കൈമാറുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

വീഡിയോയില്‍ ഒരേപോലെയുള്ള വസ്ത്രം ധരിച്ച രണ്ട് സ്ത്രീകള്‍ മുഖംമൂടി ധരിച്ച തോക്ക്ധാരികളുടെ കൈകള്‍ പിടിച്ച് നടക്കുന്നതും അവര്‍ക്ക് ലഘു ഭക്ഷണങ്ങളും പാനീയങ്ങളും വാഗ്ദാനം ചെയ്യുന്നതും കാണാമെന്ന് ദി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവരെ വിട്ടയക്കുന്നതിനു മുമ്പ് ഹമാസ് പ്രവര്‍ത്തകര്‍ സ്ത്രീകളോടൊപ്പം ഇരിക്കുന്നതും ശ്രദ്ധാപൂര്‍വ്വം വാഹനത്തില്‍ നിന്നും ഇറക്കുന്നതും, മോചിതരായ സ്ത്രീകള്‍ ഹമാസ് പ്രവര്‍ത്തകരുടെ കൈ കുലുക്കി ‘ശാലോം’ എന്നു പറയുന്നതും വീഡിയോയില്‍ കാണാം. ഹെബ്രു ഭാഷയില്‍ ശാലോം എന്നു പറഞ്ഞാല്‍ സമാധാനം എന്നാണ് അര്‍ത്ഥം. സാധാരണഗതിയില്‍ ഹലോ എന്നും ഗുഡ്‌ബൈ എന്നും വിശേഷിപ്പിക്കാനാണ് ജൂതന്‍മാര്‍ ഇത് പ്രയോഗിക്കാറുള്ളത്.

ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ നടന്ന തോക്ക് ആക്രമണത്തിനിടെ 200ല്‍ അധികം പേരെ ബന്ദികള്‍ ആക്കിയശേഷം ആരോഗ്യ കാരണങ്ങളാല്‍ ലീഫ്ഷീറ്റ്‌സ്(85), നൂര്‍കൂപ്പര്‍(79)എന്നിവരെ വിട്ടയച്ചതായി ഹമാസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഇസ്രഈല്‍ ബോംബ് ആക്രമണത്തില്‍ ഏകദേശം 5,100 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും, കൊല്ലപ്പെട്ടവരില്‍ 40% വും കുട്ടികളാണെന്നും ഗസയുടെ ആരോഗ്യമന്ത്രാലയം പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 300 ലധികം ഇസ്രഈല്‍ വ്യോമാക്രമണങ്ങളിലായി 400 ലധികം പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു

Content Highlight: Hamas releases Israeli hostages