| Saturday, 17th August 2024, 6:18 pm

വെടിനിർത്തൽ; ഇസ്രഈലിന്റെ ദോഹ കരാറിലെ വ്യവസ്ഥകൾ നിരസിച്ച് ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗസ വെടിനിർത്തൽ കരാറിൽ ഇസ്രഈൽ മുന്നോട്ട് വെച്ച വ്യവസ്ഥകൾ അംഗീകാരിക്കാൻ വിസമ്മതിച്ച്‌ ഹമാസ് നേതൃത്വം. മെയ് 31ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച നിർദേശങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച.

എന്നാൽ രണ്ട് ദിവസങ്ങളിലായി നടത്തിയ ചർച്ചയിൽ ഇസ്രഈൽ മുന്നോട്ട് വെച്ച നിർദേശങ്ങളെ ഹമാസ് അംഗീകരിച്ചില്ല. ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഫിലാഡൽഫിയിൽ സൈനിക സേനയെ നിർബന്ധമായും നിലനിർത്തുക, തടങ്കലിൽ പാർപ്പിച്ചിട്ടുള്ള ചില ഫലസ്തീൻ തടവുകാരെ നാടുകടത്താനുള്ള അവകാശം നൽകുക തുടങ്ങിയ ഇസ്രഈലിന്റെ നിബന്ധനകൾ ഹമാസിന് സ്വീകാര്യമായിരുന്നില്ല.

സമ്പൂർണ വെടിനിർത്തൽ ഉൾപ്പടെയുള്ള തങ്ങളുടെ നിർദേശങ്ങൾ അംഗീകരിക്കാതെ ഇസ്രഈലുമായി ഒരു കരാറിലും ഏർപ്പെടില്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി.

‘സമ്പൂർണ വെടിനിർത്തൽ, ഗസ സ്ട്രിപ്പിൽ നിന്ന് ഇസ്രഈൽ സൈന്യം പൂർണമായും പിൻവാങ്ങുക , കുടിയിറക്കപ്പെട്ടവർക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കുക എന്നതിൽ കുറഞ്ഞതൊന്നും ഹമാസ് അംഗീകരിക്കില്ല,’ ഹമാസ് നേതൃത്വം പറഞ്ഞു.

ഗസയിൽ ഇസ്രഈൽ-ഹമാസ് യുദ്ധം പത്ത് മാസത്തോളമായി നീണ്ടതോടെ വെടി നിർത്തലിനായി അന്താരാഷ്ട്ര സമ്മർദം ഉയർന്നിരുന്നു. തുടർന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ വെടിനിർത്തൽ കരാറിനായി ചർച്ച മുന്നോട്ട് വെക്കുകയായിരുന്നു. ഈജിപ്ത്, ഖത്തർ, യു.എസ് എന്നിവരുടെ മധ്യസ്ഥതയിലാണ് ചർച്ച പുരോഗമിച്ചത്. എന്നാൽ ചർച്ചയിൽ ഇസ്രഈൽ മുന്നോട്ട് വെച്ച നിബന്ധനകൾ ഹമാസ് നിരസിക്കുകയായിരുന്നു.

ഗസയിൽ ബന്ദികളാക്കപ്പെട്ട ഇസ്രഈലികളെയും ഇസ്രഈൽ തടങ്കലിൽ കഴിയുന്ന ഫലസ്തീനി തടവുകാരെയും പരസ്പരം കൈമാറ്റം ചെയ്യുന്നതിനായി മറ്റൊരു ചർച്ച ഖത്തർ തലസ്ഥാനത്ത് ആരംഭിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വെടിനിർത്തൽ, ഗസയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രഈൽ സേനയെ പിൻവലിക്കൽ, അന്താരാഷ്ട്ര രാജ്യങ്ങളിൽ നിന്നുള്ള സഹായ പ്രവേശനം, ഇസ്രഈൽ ജയിലുകളിൽ നിന്ന് പലസ്തീൻ തടവുകാരെ മോചിപ്പിക്കൽ എന്നിവ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളായി വെടിനിർത്തൽ നടപ്പാക്കുക എന്നതാണ് ഈ ചർച്ചയിലൂടെ ലക്ഷ്യമിടുന്നത്.

യു.എസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസും ഇസ്രഈലി വിദേശ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിൻ്റെ തലവൻമാരും ഇൻ്റീരിയർ ഇൻ്റലിജൻസ് ഷിൻ ബെറ്റും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.

ഗസയിലെ ഏത് വെടിനിർത്തൽ കരാറിലും ഇസ്രഈൽ സേനയെ ഗസ സ്ട്രിപ്പിൽ നിന്ന് പൂർണമായി പിൻവലിക്കൽ ഉൾപ്പെടുത്തണമെന്ന് ഹമാസ് എടുത്ത് പറഞ്ഞിട്ടുണ്ട്.

ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 40,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഒക്‌ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രാഈൽ യുദ്ധം ആരംഭിച്ചത്.

Content Highlight: Hamas rejects ‘new conditions’ set by Israel in proposed Doha Agreement

We use cookies to give you the best possible experience. Learn more