| Saturday, 9th November 2024, 7:45 pm

ഖത്തറിലെ ഹമാസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് യു.എസ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ബന്ദിമോചനം നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഖത്തറിലെ ഹമാസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. ഇസ്രഈല്‍ ബന്ദികളുടെ മോചനത്തിന് ഹമാസ് വിസമ്മതിച്ചതോടെയാണ് സംഘടനയുടെ ഖത്തറിലെ പ്രവര്‍ത്തനം നിര്‍ത്തണം എന്ന് യു.എസ് ആവശ്യപ്പെട്ടത്. ഖത്തര്‍ ഇക്കാര്യം ഹമാസിനെ അറിയിച്ചതായാണ് വിവരം. ഹമാസിന്റെ ദോഹയിലെ രാഷ്ട്രീയകാര്യ ഓഫീസ് പൂട്ടണമെന്നും യു.എസ് ഖത്തറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഖത്തര്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അമേരിക്കയിലെ ബൈഡന്‍ ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കാന്‍ രണ്ട് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെ പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.എസ്‌. ഈ സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ മുന്നോട്ട് വെച്ചത്.

പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഖത്തര്‍ ഹമാസ് നേതാക്കളോട് ഇസ്രഈല്‍ ബന്ദികളെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പൂര്‍ണമായി പിന്‍വാങ്ങാതെ വെടിനിര്‍ത്തല്‍ സാധ്യമാകില്ലെന്നായിരുന്നു ഹമാസിന്റെ നിലപാട്.

എന്നാല്‍ യു.എസിന്റെ നിലപാട് ഹമാസിന് വലിയ തിരിച്ചടിയാവുമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം പത്ത് വര്‍ഷത്തോളമായി ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഓഫീസില്‍ ഹമാസിന്റെ നിരവധി മുതിര്‍ന്ന നേതാക്കള്‍ക്ക് അഭയവും നല്‍കിയിരുന്നു.

‘ബന്ദികളെ മോചിപ്പിക്കാനുള്ള ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഹമാസ് നിരസിച്ചു. അതിനാല്‍ ഹമാസ് നേതാക്കളെ അമേരിക്കയുടെ പങ്കാളിയായ ഖത്തര്‍ സ്വാഗതം ചെയ്യരുത്. മറ്റൊരു ബന്ദി മോചന നിര്‍ദേശം കൂടി ഹമാസ് നിരസിച്ചതിനെ തുടര്‍ന്നാണ് ഞങ്ങള്‍ ഖത്തറിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്,’ മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അമേരിക്കയുമായി അടുത്ത ബന്ധമുള്ള ഖത്തര്‍  യു.എസിന്റെ അഭ്യര്‍ത്ഥന പാലിക്കാന്‍ സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അതേസമയം തുര്‍ക്കിയും ഇറാഖും ഹമാസുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നതിനാല്‍ ഖത്തര്‍ വിടുന്ന കാര്യം മാസങ്ങളായി ഹമാസ് നേതാക്കളുടെ പരിഗണനയിലുണ്ട്. ഹമാസ് അടുത്തിടെ ബാഗ്ദാദില്‍ ഒരു രാഷ്ട്രീയ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു.

2012ല്‍ സിറിയന്‍ ഭരണകൂടവുമായി തെറ്റിപ്പിരിഞ്ഞ് ഹമാസിന്റെ രാഷ്ട്രീയ നേതാക്കള്‍ ഡമസ്‌കസ് വിട്ടപ്പോള്‍ മുതല്‍ ഖത്തറാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസിന് ആതിഥേയത്വം വഹിക്കുന്നത്. അന്ന് ഹമാസുമായി ചര്‍ച്ചകള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ഖത്തര്‍ വഴി സാധിക്കും എന്നതിനാല്‍ അമേരിക്കയും ആ നീക്കത്തെ പിന്തുണച്ചിരുന്നു.

Content Highlight:  Hamas rejected  the hostage deal again, US asked Qatar to expel the group from the country

We use cookies to give you the best possible experience. Learn more