|

ഹമാസ് സൈനികശേഷി വീണ്ടെടുത്തു; തിരിച്ച് വരവിനൊരുങ്ങുന്നതായി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസയിലെ സായുധ സംഘടനയായ ഹമാസ് സൈനികശേഷി വീണ്ടെടുത്ത് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി യു.എസ് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇസ്രഈല്‍ കാര്യമായ പ്രാധാന്യം കൊടുത്തില്ലെന്നും ബ്ലിങ്കന്‍ വിമര്‍ശിച്ചു.

ഹമാസിന്റെ പ്രമുഖ നേതാക്കളെയെല്ലാം ഇസ്രഈല്‍ ഇല്ലാതാക്കിയെങ്കിലും പുതിയ ആളുകളെ റിക്രൂട്ട് ചെയ്ത് അവര്‍ തിരിച്ച് വരവിനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ആന്‍ണി ബ്ലിങ്കന്‍ പറഞ്ഞു. വാഷിങ്ടണ്‍ അറ്റ്‌ലാന്റിക് കൗണ്‍സിലില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹമാസിനെ കൃത്യമായ ആസൂത്രണവും ബദലും ഇല്ലാതെ തോല്‍പ്പിക്കാനാവില്ലെന്ന് യു.എസ് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അത് അവഗണിച്ചു. ഗസയുടെ അധികാരം ഫലസ്തീന്‍ അതോറിറ്റിക്ക് കീഴില്‍ കൊണ്ടുവന്ന് അവര്‍ക്ക് പിന്തുണ നല്‍കാന്‍ ആയിരുന്നു യു.എസ് ആഗ്രഹിച്ചിരുന്നതെന്നും ബ്ലിങ്കന്‍ പറഞ്ഞു.

‘ഒരു സൈനിക നീക്കത്തിലൂടെ മാത്രം ഹമാസിനെ തോല്‍പ്പിക്കാനാവില്ല. വ്യക്തമായ ബദല്‍ ആസൂത്രണം ചെയ്യാതെയും ഫലസ്തീനികള്‍ക്കായി ഒരുയുദ്ധാനന്തര പദ്ധതി ഇല്ലാതെയും ഹമാസിനെ ഉന്മൂലനം ചെയ്താല്‍ അവര്‍ തീര്‍ച്ചയായും തിരിച്ച് വരും. ഇത് തന്നെയാണ് ഒക്ടോബര്‍ ഏഴിന് സംഭവിച്ചത്. എല്ലാ തവണയും സൈനിക നീക്കത്തിലൂടെ ഇസ്രഈല്‍ ഹമാസിനെ തകര്‍ക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ തിരിച്ച് വരും.

ഹമാസിന്റെ സൈനിക ശേഷി നശിപ്പിച്ച് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായ നേതാക്കളെ കൊന്നെങ്കിലും വെടിനിര്‍ത്തലും ബന്ദികൈമാറ്റവും നടപ്പിലാക്കാന്‍ സൈനിക സമ്മര്‍ദ്ദം ആവശ്യമാണെന്ന് പിന്നീട് ബോധ്യപ്പെട്ടെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റാലും ഇസ്രഈലിന് ശക്തമായ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബ്ലിങ്കന്‍ പറഞ്ഞു.

ഗസയിലെ ബാങ്കിങ്, വെള്ളം, ഊര്‍ജം, ആരോഗ്യം തുടങ്ങിയ പ്രധാന മേഖലകളുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഫലസ്തീനിയന്‍ അതോറിറ്റി അന്താരാഷ്ട്ര പങ്കാളികളെ സമീപിക്കണമെന്നും ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു.

‘ഒരു മുതിര്‍ന്ന യു.എന്‍ ഉദ്യോഗസ്ഥന്‍ ഈ ശ്രമത്തിന് മേല്‍നോട്ടം വഹിക്കും. ഇത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തും. അര്‍ത്ഥവത്തായ കൂടിയാലോചനകള്‍ക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട ഗസയില്‍ നിന്നുള്ള ഫലസ്തീന്‍ പ്രതിനിധികളെ ഇടക്കാല ഭരണത്തില്‍ ഉള്‍പ്പെടുത്തും. സാധ്യമായാലുടന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സമ്പൂര്‍ണ്ണ നിയന്ത്രണം കൈമാറുകയും ചെയ്യും,’ ബ്ലിങ്കന്‍ പറഞ്ഞു.

അതേസമയം മാസങ്ങള്‍ നീണ്ട് നിന്ന വംശഹത്യയ്‌ക്കൊടുവില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ജനുവരി 19 മുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരുക. ഖത്തറിന്റെയും യു.എസിന്റെയും ഈജിപ്തിന്റേയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലൂടെയാണ് 42 ദിവസം നീണ്ട് നില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരമായത്.

Content Highlight: Hamas recruited so many new fighters as it has lost says U.S State secretary Antony Blinken