ഗസ: ഗസയിലെ വെടിനിർത്തലിന് പുതിയ നിർദേശം മുന്നോട്ട് വെച്ച് ഹമാസ്. മധ്യസ്ഥരായ ഈജിപ്തിനും ഖത്തറിനും പുതിയ നിർദേശം കൈമാറിയതായി ഹമാസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഗസയിൽ വെടിനിർത്തൽ, സഹായം എത്തിക്കുക, കുടിയിറക്കപ്പെട്ട ഫലസ്തീനികളെ അവരുടെ വീടുകളിൽ തിരികെ എത്തിക്കുക, ഇസ്രഈലി സൈന്യം ഗസയിൽ നിന്ന് പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങളാണ് നിർദേശത്തിൽ ഉന്നയിക്കുന്നത്.
ജനങ്ങളുടെ അവകാശങ്ങളും അവരെക്കുറിച്ചുള്ള ആശങ്കകളുമാണ് തങ്ങളുടെ ആദ്യ പരിഗണനയെന്ന് ഹമാസ് അറിയിച്ചു.
പദ്ധതിയുടെ വിശദാംശങ്ങൾ ഹമാസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ ആദ്യ ഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി 700-1000 ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി സ്ത്രീകളും കുട്ടികളും പ്രായമായവരും അസുഖം ബാധിച്ചവരുമായ ഇസ്രഈലി ബന്ദികളെ മോചിപ്പിക്കാമെന്ന് പദ്ധതിയിൽ പറയുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആദ്യ ഘട്ട ബന്ദി കൈമാറ്റം നടന്നാൽ ശാശ്വതമായ വെടിനിർത്തലിന് ഒരു തീയതി അംഗീകരിക്കാമെന്ന് ഹമാസ് പറയുന്നു. ഗസയിൽ നിന്ന് ഇസ്രഈൽ സൈന്യം പിൻവാങ്ങുന്നതിനും ആദ്യ ഘട്ട ബന്ദി കൈമാറ്റത്തിന് ശേഷം ഒരു അവസാന തീയതി വെക്കുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി പ്രകാരം രണ്ടാം ഘട്ടത്തിൽ ഇരുപക്ഷത്തെയും മുഴുവൻ ബന്ദികളെയും മോചിപ്പിക്കും.
അതേസമയം ഹമാസിന്റെ പുതിയ നിർദേശം യാഥാർത്ഥ്യ ബോധമില്ലാത്ത ആവശ്യങ്ങളാണെന്നും പദ്ധതി മണ്ടത്തരമാണെന്നും പറഞ്ഞ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധം നിർത്തുന്നതിനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ചൂണ്ടിക്കാട്ടി.
റഫയിൽ കരയുദ്ധം നടത്തുവാനുള്ള പദ്ധതിക്ക് നെതന്യാഹു അനുമതി നൽകിയിരിക്കുകയാണ്. റഫയിൽ അകപ്പെട്ടുപോയ 15 ലക്ഷം ഫലസ്തീനികളെ തുരത്തി ഓടിക്കുവാനാണ് ഇസ്രഈലിന്റെ നീക്കം.