| Monday, 25th December 2023, 4:58 pm

ക്രിസ്മസ് ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ച് നമുക്കൊപ്പമാണെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു; ഫലസ്തീന്‍ ക്രിസ്ത്യാനികളുടെ നിലപാടിനെ പ്രശംസിച്ച് ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ഫലസ്തീന്‍ ക്രിസ്ത്യാനികളുടെ നിലപാടിനെ പ്രശംസിച്ച് ഹമാസ്.

‘നമ്മുടെ ഫലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രഈല്‍ ആരംഭിച്ച ഫാസിസ്റ്റ് ആക്രമണത്തിന്റെ ഇരുട്ടിലാണ് ഈ വര്‍ഷത്തെ നമ്മുടെ ക്രിസ്ത്യന്‍ ജനതയുടെ അവധി ദിനങ്ങള്‍,’ എന്നായിരുന്നു ഹമാസ് പ്രസ്താവനയില്‍ പറഞ്ഞത്.

‘നമ്മുടെ ഭൂമിയില്‍ ഉറച്ചു നില്‍ക്കാനും നമ്മുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാനും നമ്മുടെ ഇസ്‌ലാമിക, ക്രിസ്ത്യന്‍ വിശുദ്ധി സംരക്ഷിക്കാനുമുള്ള പാതയില്‍ നമ്മുടെ ജനങ്ങള്‍ ഒന്നിച്ചിരിക്കുന്നുവെന്നാണ് ഫലസ്തീന്‍ ക്രിസ്ത്യാനികളുടെ ഈ തീരുമാനം വ്യക്തമാക്കുന്നത്,’ എന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

ബെത്ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങള്‍ യുദ്ധം കാരണം നിര്‍ത്തിവെച്ചിരുന്നു. യാതൊരു തരത്തിലുള്ള ആഘോഷ പരിപാടികളും ഇത്തവണ ബെത്‌ലഹേമില്‍ നടന്നിട്ടില്ല.

അവധി ആഘോഷിക്കുന്നതിനായി ഓരോ വര്‍ഷവും വെസ്റ്റ് ബാങ്ക് പട്ടണത്തില്‍ ഒത്തുകൂടുന്നത് ആയിരക്കണക്കിന് വിദേശ വിനോദസഞ്ചാരികളായിരുന്നു. യുവാക്കള്‍ സംഘടിപ്പിക്കുന്ന മാര്‍ച്ചിങ് ബാന്‍ഡുകളും ഉത്സവ വിളക്കുകളും ക്രിസ്മസ് ട്രീകളുമൊന്നും ഇത്തവണ ബെത്‌ലഹേം നഗത്തില്‍ ഉയര്‍ന്നിട്ടില്ല.

‘ഈ വര്‍ഷം, ക്രിസ്മസ് ട്രീയും വെളിച്ചവുമില്ല. എങ്ങും ഇരുട്ട് മാത്രമേയുള്ളൂ,” ആറ് വര്‍ഷമായി ജെറുസലേമില്‍ താമസിക്കുന്ന വിയറ്റ്‌നാമില്‍ നിന്നുള്ള ജോണ്‍ വിന്‍ അല്‍ജസീറയോട് പറഞ്ഞു. ക്രിസ്മസ് ആഘോഷിക്കാന്‍ താന്‍ എപ്പോഴും ബെത്‌ലഹേമില്‍ വരാറുണ്ടെന്നും എന്നാല്‍ ഈ വര്‍ഷം ബെത്‌ലഹേം ഇരുട്ടിലാണെന്നും വിന്‍ പറഞ്ഞു.

എല്ലാ വര്‍ഷവും ക്രിസ്തുമസ് ദിനത്തില്‍ ഞങ്ങള്‍ നല്‍കുന്ന സന്ദേശം സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയുമാണ്. എന്നാല്‍ ഈ വര്‍ഷം ഗസ മുനമ്പില്‍ നടക്കുന്നത് സങ്കടത്തിന്റേയും രോഷത്തിന്റേയും സന്ദേശമാണ് എന്നായിരുന്നു ബെത്‌ലഹേം മേയര്‍ ഹന ഹനിയേ പറഞ്ഞത്.

ഈ വര്‍ഷം ക്രിസ്മസ് ആഘോഷങ്ങള്‍ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ ബെത്‌ലഹേമിലെ ചര്‍ച്ചുകളും അറിയിച്ചിരുന്നു. ഇസ്രഈല്‍ ആക്രമണങ്ങള്‍ നേരിടുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ചര്‍ച്ചുകള്‍ സംയുക്തമായി ഈ തീരുമാനമെടുത്തത്.

വെസ്റ്റ് ബാങ്കിനോട് ചേര്‍ന്ന് ജെറുസലേമിലാണ് ബെത്‌ലഹേം സ്ഥിതി ചെയ്യുന്നത്. ആധുനിക കാല ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിച്ചതിനുശേഷം ആദ്യമായാണ് ബെത്‌ലഹേമിലെ മാങ്കര്‍ സ്‌ക്വയറിലെ ട്രീയും യേശുവിന്റെ ജന്മസ്ഥലവും ക്രിസ്മസ് ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കാതിരിക്കുന്നത്.

ഇപ്പോള്‍ ആഘോഷങ്ങള്‍ നടത്തുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ നേതാക്കളും മുനിസിപ്പല്‍ അതോറിറ്റിയും പരിപാടികള്‍ റദ്ദാക്കുന്നതായി അറിയിച്ചിരുന്നു.

Content Highlight: Hamas praises Palestinian Christians’ stance on Christmas celebrations

We use cookies to give you the best possible experience. Learn more