| Monday, 13th November 2023, 11:06 am

'ഗസയില്‍ ഭരണം ഫലസ്തീനികള്‍ക്ക് മാത്രമായിരിക്കും, മറ്റൊരു അധികാര കേന്ദ്രം അവിടെയുണ്ടാവില്ല'; ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: യുദ്ധാനന്തരം ഗസയില്‍ മറ്റേതെങ്കിലും പാര്‍ട്ടി ഭരിക്കുന്നതിനെകുറിച്ചുള്ള ഇസ്രഈലിന്റെയും ചില പാശ്ചാത്യ രാജ്യങ്ങളുടെയും അവകാശവാദങ്ങള്‍ നിരസിച്ച് മുതിര്‍ന്ന ഹമാസ് പ്രതിനിധി ഒസാമ ഹംദാന്‍. ലെബനനിലെ ഹമാസിന്റെ പ്രതിനിധിയും ഗ്രൂപ്പിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ ഒസാമ ഹംദാന്‍ ഞായറാഴ്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

യുദ്ധാനന്തരം ഫലസ്തീന്‍ അതോറിറ്റിയുടെ(പി.എ)ഭരണത്തിന് കീഴില്‍ അധിനിവേശ വെസ്റ്റ് ബാങ്കുമായി പ്രദേശം ഏകീകരിക്കണമെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു പ്രതികരണം.

ഗസയുടെ അധികാരം ഫലസ്തീനികള്‍ക്കല്ലാതെ മറ്റാര്‍ക്കും ആയിരിക്കില്ലെന്ന് ഹംദാന്‍ പറഞ്ഞു.

‘ഞങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തോടും ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രഈലി ഭീകരരോടും ആവര്‍ത്തിച്ചു പറയുകയാണ് ഗസയിലെ ഭരണം ഫലസ്തീനികള്‍ക്ക് മാത്രമായിരിക്കും. അവിടെ മറ്റൊരു ഭരണകൂടമോ രാഷ്ട്രീയ അധികാര കേന്ദ്രമോ ഉണ്ടാവുകയില്ല. ഞങ്ങള്‍ ആരില്‍ നിന്നും രക്ഷാകര്‍തൃത്വം സ്വീകരിക്കാത്ത ഒരു സ്വതന്ത്ര ജനതയാണ്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുന്നത് ഒഴിവാക്കുക,’ ഹംദാന്‍ പറഞ്ഞു.

കഴിഞ്ഞമാസം ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അന്താരാഷ്ട്ര സമൂഹം ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയായിരുന്നുവെന്നും ആ കുറ്റകൃത്യത്തിന് ഇസ്രഈലിനെ ഉത്തരവാദിയാക്കുന്നതില്‍ ലോകത്തിന്റെ പരാജയം കൂടുതല്‍ ആശുപത്രികളെ ലക്ഷ്യമിടാനും കൂടുതല്‍ രക്തച്ചൊരിച്ചില്‍ നടത്താനും ഭരണകൂടത്തെ ധൈര്യപ്പെടുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി.

ഗസയിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട അന്താരാഷ്ട്ര സമൂഹം ഗസ ആശുപത്രികളില്‍ നടക്കുന്നകൂട്ടക്കൊലകള്‍ക്ക് നേരിട്ട് ഉത്തരവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘യു.എസ് വിമാനങ്ങളും മിസൈലുകളും യു.എസിന്റെ സമ്പൂര്‍ണ്ണ പിന്തുണയും ഉപയോഗിച്ച് നടത്തിയ ഈ കുറ്റകൃത്യത്തിന് യു.എസ് ഭരണകൂടവും പ്രസിഡന്റ് ജോ ബൈഡനും നേരിട്ട് ഉത്തരവാദികളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ ഹംദാന്‍ പറഞ്ഞു.

നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 11,070 പേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 4500ല്‍ അധികം പേരും കുട്ടികളാണ്.

Content Highlight: Hamas on USA state secretary  statement

We use cookies to give you the best possible experience. Learn more