ഇസ്രഈലി തടവറകളിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും വിട്ടയച്ചാൽ എല്ലാ ബന്ദികളെയും മോചിപ്പിക്കാം: ഹമാസ്
ഗസ: ഇസ്രഈലിലെ തടവറകളിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും മോചിപ്പിച്ചാൽ എല്ലാ ഇസ്രഈൽ ബന്ദികളെയും വിട്ടയക്കാമെന്ന് ഹമാസ്.
‘തടങ്കലിലുള്ള ഞങ്ങളുടെ മുഴുവൻ ആളുകൾക്കും പകരമായി മുഴുവൻ ഇസ്രഈലി സൈനികരെയും വിട്ടയക്കാൻ ഞങ്ങൾ തയ്യാറാണ്,’ ഹമാസ് നേതാവും മുൻ ഗസ ആരോഗ്യ മന്ത്രിയുമായ ബാസിം നൈം ദക്ഷിണാഫ്രിക്കയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമാധാന ഉടമ്പടി അവസാനിക്കാനിരിക്കെ 16 ബന്ദികളെ കൂടി മോചിപ്പിച്ചതിന് പിന്നാലെയായിരുന്നു ഹമാസിന്റെ വാഗ്ദാനം. ഇസ്രഈൽ തടവറകളിൽ കഴിയുകയായിരുന്ന 16 കുട്ടികളെയും 14 സ്ത്രീകളെയും കഴിഞ്ഞ ദിവസം മോചിപ്പിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വെടിനിർത്തൽ ഉടമ്പടിയുടെ ഭാഗമായി ഇതുവരെ 60 ഇസ്രഈലി ബന്ദികളെയും 180 ഫലസ്തീനി തടവുകാരെയും വിട്ടയച്ചു.
ഉടമ്പടിയുടെ ഭാഗമായി ഇതുവരെ സ്ത്രീകളെയും കുട്ടികളെയുമാണ് ഇരു പക്ഷത്ത് നിന്നും വിട്ടയച്ചത്. നിലവിൽ ഇസ്രഈലി സൈനികരെയൊന്നും ഹമാസ് വിട്ടയച്ചിട്ടില്ല.