ഗസ: ഗസ മുനമ്പിലെ ഇസ്രഈലി ആക്രമണം എന്നന്നേക്കുമായി അവസാനിപ്പിക്കാതെ ബന്ദികളെ കൈമാറുന്നത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകില്ലെന്ന് ഹമാസ്.
ഹമാസിനും ഇസ്രഈലിനുമിടയിൽ മധ്യസ്ഥത വഹിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഈ കാര്യം അറിയിച്ചതായി ഹമാസ് പറഞ്ഞു.
‘ഞങ്ങളുടെ ജനങ്ങൾക്ക് നേരെയുള്ള സയണിസ്റ്റ് ആക്രമണം എന്നന്നേക്കുമായി അവസാനിപ്പിക്കാതെ ബന്ദിക്കളെ കൈമാറുന്നത് സംബന്ധിച്ച് യാതൊരു ചർച്ചകളും നടക്കില്ലെന്ന നിലപാട് ഒന്നുകൂടെ ആവർത്തിക്കുന്നു. ഈ കാര്യം മധ്യസ്ഥത വഹിക്കുന്ന എല്ലാവരെയും അറിയിച്ചിട്ടുണ്ട്,’ ഹമാസ് ഡിസംബർ 17ന് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
നവംബർ അവസാന വാരം ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ഉടമ്പടി പ്രകാരം ഇരുപക്ഷവും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിച്ചേരുകയുമുണ്ടായി.
ഉടമ്പടിയുടെ ഭാഗമായി ഇസ്രഈലി ജയിലുകളിൽ കഴിയുന്ന 240 ഫലസ്തീനികളെയും ഹമാസ് ബന്ദികളാക്കിയ 105 പേരെയും മോചിപ്പിച്ചിരുന്നു. ഇതിൽ 81 ഇസ്രഈലികളും 24 വിദേശികളും ഉൾപ്പെടുന്നു.
137 ഇസ്രഈലികൾ ഇനിയും ഹമാസിന്റെ തടങ്കലിലുണ്ടെന്നാണ് ഇസ്രഈൽ കരുതുന്നത്. ഇസ്രഈൽ ജയിലുകളിൽ 7,000ത്തോളം ഫലസ്തീനികൾ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ പലർക്കെതിരെയും കേസുകൾ പോലും ചുമത്തിയിട്ടില്ലെന്നാണ് വിവരം.
CONTENT HIGHLIGHT: Hamas: No prisoner swap talks unless Israel ends war ‘once and for all’