ഗസ: 2007 മുതല്‍ ഗസയില്‍ അധികാരത്തിലിരിക്കുന്ന ഹമാസ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ഗസയില്‍ പ്രതിഷേധം. വടക്കന്‍ ഗസയില്‍ നടന്ന പ്രതിഷേധറാലിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലുമായുള്ള യുദ്ധം അവസാനിപ്പിക്കണം, ഹമാസ് സ്ഥാനം ഒഴിയണം എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രഈല്‍ മാര്‍ച്ച് ഒന്നിന് ഗസയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതോടെ 800ല്‍ അധികം പേരാണ് ചുരുങ്ങിയ ദിവസത്തിനകം ഗസയില്‍ കൊല്ലപ്പെട്ടത്. 1,200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഭൂരിഭാഗം പേരും കുട്ടികളായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഹമാസ് കഴിഞ്ഞ ദിവസം ഇസ്രഈലിലേക്ക് റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വടക്കന്‍ ഗാസയില്‍ പ്രതിഷേധം ഉണ്ടായത്. റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ബെയ്റ്റ് ലഹിയയിലെ വലിയൊരു വിഭാഗം ജനങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രഈല്‍ തീരുമാനിച്ചിരുന്നു. ഇതാണ് പരസ്യപ്രതിഷേധത്തിലേക്ക് നയിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയ പ്രചരിച്ച വീഡിയോകളില്‍ നൂറിലധികം ആളുകള്‍ ഹമാസിനെ പുറത്താക്കുക, യുദ്ധം നിര്‍ത്തുക എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് കാണാം. ഇവരില്‍ ഭൂരിഭാഗം പേരും പുരുഷന്മാരാണ്. ഞങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണം എന്ന മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും പ്രതിഷേധക്കാരുടെ പക്കലുണ്ടായിരുന്നു.
ഗസ മുനമ്പിന്റെ വടക്കന്‍ ഭാഗത്തുള്ള ഇന്തോനേഷ്യന്‍ ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധങ്ങള്‍ നടന്നത്. അതേസമയം സിവിലിയന്‍ വേഷം ധരിച്ച ഹമാസ് അംഗങ്ങള്‍ പ്രതിഷേധം തകര്‍ക്കാന്‍ ശ്രമിച്ചതായും ചിലര്‍ ആരോപിച്ചു.
ആളുകള്‍ ക്ഷീണിതരാണെന്നും ഗസയിലെ അധികാരം ഹമാസ് ഉപേക്ഷിക്കുന്നതാണ് പരിഹാരമെങ്കില്‍, ജനങ്ങളെ സംരക്ഷിക്കാന്‍ ഹമാസ് എന്തുകൊണ്ട് അത് ചെയ്യുന്നില്ലെന്നും പ്രതിഷേധക്കാരിലൊരാള്‍ ചോദിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ ഏഴിന് ഗസയില്‍ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതിനുശേഷം യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗസയില്‍ ഇടയ്ക്കിടെ ചെറിയ പ്രതിഷേധങ്ങള്‍ ഉണ്ടാവാറുണ്ട്.
പ്രതിഷേധത്തിലെ മുദ്രാവാക്യങ്ങളില്‍ പലതും 2019 ലെ ഗസ സാമ്പത്തിക പ്രതിഷേധത്തിനിടെ ഉയര്‍ന്നുവന്ന Bidna Na’eesh പ്രസ്ഥാനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഹമാസിന്റെ എതിരാളിയായ ഫത്തായാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് പറഞ്ഞ് ഹമാസ് ഈ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയിരുന്നു.
2007 മുതല്‍ ഗസയില്‍ അധികാരത്തിലിരിക്കുന്ന ഹമാസിനെതിരെ അണിനിരക്കാന്‍ ഇസ്രഈല്‍ പതിവായി ഗസയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
രണ്ട് മാസം നീണ്ടുനിന്ന വെടിനിര്‍ത്തലിന് ശേഷമാണ് ഇസ്രഈല്‍ ഗസയില്‍ സൈനിക നടപടി പുനരാരംഭിച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ നീട്ടാനുള്ള യു.എസ് നിര്‍ദ്ദേശം നിരസിച്ചതിന് ഇസ്രഈല്‍ ഹമാസിനെയാണ് കുറ്റപ്പെടുത്തുന്നത്.
ഒക്ടോബര്‍ ഏഴ് മുതലുള്ള ആക്രമണത്തില്‍ 50,000ത്തിലധികം പേരാണ് ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 113,200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗസയിലെ 21 ലക്ഷം വരുന്ന ജനസംഖ്യയില്‍ ഭൂരിഭാഗം പേരും സ്വന്തം വീടുകള്‍ വിട്ട് പലായനം ചെയ്യാനും നിര്‍ബന്ധിതരായി.
Content Highlight: Hamas must step down; Anti-Hamas protests in Gaza